പത്തനംതിട്ട ● ഓമല്ലൂർ സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ ഇടവക പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് 75 വയസ്സ് പൂർത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരിച്ചു. സന്ധ്യാ നമസ്കാരം, ചെമ്പെടുപ്പ് റാസ എന്നിവയും നടന്നു.
പെരുന്നാൾ ദിവസങ്ങളിൽ വി. കുർബ്ബാന, സന്ധ്യാ പ്രാർത്ഥന, സുവിശേഷ യോഗം എന്നിവ ഉണ്ടായിരുന്നു. നാളെ (ഫെബ്രുവരി 6 വെള്ളി) രാവിലെ 6.30-ന് പ്രഭാത നമസ്കാരം, 7-ന് വിശുദ്ധ കുർബ്ബാന, വൈകിട്ട് 5.30-ന് സന്ധ്യാ നമസ്കാരം എന്നിവ നടത്തപ്പെടും.
പ്രധാന പെരുന്നാൾ ദിനമായ ഫെബ്രുവരി 7 ശനി രാവിലെ 6.45-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം, 7-ന് പ്രഭാത നമസ്കാരം, 8-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും.
തുടർന്ന് 10.30-ന് സുവർണ്ണ ജൂബിലി സമാപന സമ്മേളനവും, ശ്രേഷ്ഠ ബാവായ്ക്ക് അനുമോദനവും നടത്തപ്പെടും. വികാരി ഫാ. ഡോ. കോശി പി. ജോർജ് സ്വാഗതം ആശംസിക്കും. അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന സുവർണ്ണ ജൂബിലി സമാപന സമ്മേളനം ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്യും. ജൂബിലി സമാപന സന്ദേശവും ശ്രേഷ്ഠ ബാവ നിർവഹിക്കും.
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത മുൻ അദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മോർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അനുമോദന പ്രസംഗം നടത്തും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അത്താനാസിയോസ് ഗീവർഗീസ്, മോർ തേവോദോസിയോസ് മാത്യൂസ്, ഡോ. മോർ കൂറിലോസ് ഗീവർഗീസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് സക്കറിയ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കാർത്തിക ചന്ദ്രൻ, ജനറൽ കൺവീനർ ലാലു കുര്യൻ മറ്റപ്പള്ളിൽ എന്നിവർ പ്രസംഗിക്കും. 1-ന് കൊടിയിറക്ക്, സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. ഡോ കോശി പി ജോർജ്, സഹവികാരി ഫാ. കോശി ബാബു, ട്രസ്റ്റി സണ്ണി ജോൺ മുളമുട്ടിൽ, ജനറൽ കൺവീനർ ലാലു കുര്യൻ മറ്റപ്പള്ളിൽ, സെക്രട്ടറി പി.റ്റി തോമസ് പാറക്കൽ, ജോ.സെക്രട്ടറി ജിബിൻ ജോർജ്ജ് തുരുത്തിപ്പള്ളിൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
