എളനാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതുതായി ഒരു വൈദികൻ കൂടി. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ ഡീക്കൻ ബേസിൽ കുര്യാക്കോസ് തട്ടാറായിൽ നാളെ (ജനുവരി 20 ചൊവ്വ) കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. എളനാട് മോർ ഇഗ്നാത്തിയോസ് ഏലിയാസ് സിംഹാസന പള്ളിയിൽ വച്ചാണ് പട്ടംകൊട ശുശ്രുഷകൾ നടക്കുന്നത്.
തട്ടാറായിൽ കുര്യാക്കോസ് – ഷൈബി ദമ്പതികളുടെ മകനായ ഡീക്കൻ ബേസിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിലും സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ആയി സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ, ബഹു. ശെമ്മാശൻ എം.എസ്.ഒ.ടി. വൈദിക സെമിനാരിയിൽ നിന്ന് ഒന്നാം റാങ്കോടെ വൈദിക വിദ്യാഭ്യാസം പൂർത്തീകരിച്ചിട്ടുമുണ്ട്.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
