മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായിരുന്ന പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ 41-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 17 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു.
കോന്നി കോടത്ത് ഗീവറുഗീസിൻ്റെയും ഈട്ടിമൂട്ടിൽ അന്നാമ്മയുടെയും മകനായ ശാമുവേൽ 1930 മെയ് 4-ാം തീയതി ജനിച്ചു. ശാമുവേലിന് മൂന്നു സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ടായിരുന്നു.
കോന്നി കല്ലറ കൃഷ്ണൻ നായർ മെമ്മോറിയൽ സ്കൂൾ, എൻ എസ്.എസ്. സ്കൂൾ എന്നീ വിദ്യാലയങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്ന് ബി. എ. ബിരുദവും, ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ നിന്ന് എം. എ. ബിരുദവും കരസ്ഥമാക്കി.
1955 ഫെബ്രുവരി 5-ാം തീയതി പുണ്യശ്ലോകനായ മാർ ദീവന്നാസിയോസ് മിഖായേൽ തിരുമേനിയുടെ നിർദ്ദേശാനുസരണം ക്നാനായ ഇടവകയുടെ മാർ ക്ലിമ്മീസ് എബ്രഹാം തിരുമേനി ചിങ്ങവനം ദയറായിൽ വച്ച് കോറൂയോ പട്ടം നൽകി. മഞ്ഞനിക്കരയിലും ആലുവ തൃക്കുന്നത്തു സെമിനാരിയിലും വൈദിക പഠനം പൂർത്തിയാക്കി. 1959 ഫെബ്രുവരി 14-ാം തീയതി വയലി പ്പറമ്പിൽ മാർ ഗ്രിഗോറിയോസ് ഗീവറുഗീസ് തിരുമനസുകൊണ്ട് കശീശാ സ്ഥാനം നൽകി. 1964 ൽ കോട്ടയം ബസേലിയേസ് കോളേജിൽ ലക്ചററായി ജോലിയിൽ ചേർന്നു.
1975 ഡിസംബർ 25ന് പുത്തൻകുരിശ് മാർ ഏലിയാ ചാപ്പലിൽവച്ച് ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവ ശാമുവേൽ അച്ചന് റമ്പാൻ സ്ഥാനം നൽകി. 1975 ഡിസംബർ 26-ാം തീയതി തുരുത്തിശ്ശേരി സിംഹാസനപ്പള്ളിയിൽ വച്ച് ശ്രേഷ്ഠ കതോലിക്ക ബാവാ വന്ദ്യ ശമുവേൽ റമ്പാച്ചനെ മോർ പീലക്സിനോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ച് മലബാർ ഭദ്രാസനത്തിൻ്റെ ചുമതല ഏൽപ്പിച്ചു.
1976 ജനുവരി 6-ാം തീയതി മീനങ്ങാടി പള്ളിയിൽവച്ച് സുന്തോണീസോ നടത്തി അതിനടുത്തുള്ള ഒരു ചെറിയ കെട്ടിടത്തിൽ താമസിച്ച് ഭരണകാര്യങ്ങൾ നിർവ്വഹിച്ചു. 1977ൽ മലബാർ ഭദ്രാസനത്തിൻ്റെ പള്ളി പ്രതിപുരുഷ യോഗതീരുമാന പ്രകാരം തൊട്ടടുത്തുള്ള പഴയ കെട്ടിടവും 22 സെൻ്റ് സ്ഥലവും വാങ്ങി ഭദ്രാസന ആസ്ഥാനവും അരമനയും ക്രമീകരിച്ചു.
മലബാർ ഭദ്രാസനത്തിനുവേണ്ടി ഒരു ഭരണഘടന ക്രമീകരിക്കുന്നതിനും അതിന് പരി. പാത്രിയർക്കീസ് ബാവായുടെ അംഗീകാരം വാങ്ങുന്നതിനും പുണ്യശ്ലോകനായ തിരുമേനിക്ക് സാധിച്ചു. പ്രമേഹ രോഗബാധിതനായിരുന്നതിനാൽ ദീർഘയാത്രകൾ ക്ലേശകരമായിരുന്നു.
എറണാകുളം ലിസ്സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുമേനി 1985 ജനുവരി 17ന് ഈ ലോകത്തോട് യാത്രപറഞ്ഞു. കാലംചെയ്ത തിരുമേനിയുടെ ഭൗതികശരീരം എറണാകുളം സെന്റ് പീറ്റേഴ്സ് ചാപ്പലിൽ പൊതു ദർശനത്തിനു വയ്ക്കുകയും സന്ധ്യയോടെ തൃശൂർ-കുന്നംകുളം-കോഴിക്കോട് വഴി ആംബുലൻസിൽ മീനങ്ങാടിയിലേക്കു കൊണ്ടുപോകുകയും ചെയ്തു. 1985 ജനുവരി 18-ാം തീയതി വി. കുർബാനയ്ക്കു ശേഷം പണിനടന്നുകൊണ്ടിരുന്ന സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് കത്തീഡ്രലിൽ കബറടക്കി. പുണ്യശ്ലോകനായ തിരുമേനിയുടെ പാവന സ്മരണ നിലനിറുത്തുന്നതിന് ഭദ്രാസനത്തിൻ്റെ കീഴിൽ മാർ പീലക്സിനോസ് മെമ്മോറിയൽ പ്രിൻ്റിംഗ് പ്രസ്, ബുക് സ്റ്റാൾ, എം.പി.എം. ലൈബ്രറി എന്നിങ്ങനെ പല പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചുവരുന്നു. പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ ജനുവരി 17-ാം തീയതി ആചരിക്കുന്നു.
ഒരു ദശാബ്ദകാലം മഹാ പൗരോഹിത്യ സ്ഥാനത്തിരുന്ന് മലബാർ ഭദ്രാസനത്തിന്റെ പ്രതിസന്ധിയുടെ കാലഘട്ടങ്ങളിൽ സുധീര നേതൃത്വം നൽകി. മലബാർ ഭദ്രാസനത്തിന്റെ വളർച്ചക്ക് തുടക്കം കുറിക്കുകയും ശ്രേഷ്ഠമായ ഇടയത്വ ശുശ്രൂഷ അവിടെ നടത്തുകയും ചെയ്തു. എം.ജെ.എസ്.എസ്.എ യുടെ പ്രസിഡന്റ് ആയി അഭിവന്ദ്യ പിതാവ് പ്രവർത്തിച്ചിട്ടുണ്ട്.
