പുത്തൻകുരിശ് ● മനുഷ്യന്റെ ചിന്തകൾ അവന്റെ ആത്മാവ് മാത്രം അറിയുന്നതുപോലെ, ദൈവത്തിന്റെ ചിന്തകൾ മനസ്സിലാക്കാൻ ദൈവത്തിന്റെ ആത്മാവ് നമ്മുടെ ഹൃദയത്തിൽ വസിക്കണമെന്ന് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ നാലാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത.
ക്രിസ്തു നമ്മളിൽ വസിക്കണമെങ്കിൽ നമ്മൾ താഴ്മയുള്ളവരാകണം. ദൈവവചനം വിനയത്തോടെ സ്വീകരിക്കുന്നവരിലാണ് ദൈവം പ്രസാദിക്കുന്നതെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. മാർത്തോമ്മാ സഭയിലെ ഫാ. സന്തോഷ് കെ.സി മുഖ്യ സന്ദേശം നൽകി.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അന്തോണിയോസ് യാക്കോബ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സംബന്ധിച്ചു.
സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷ നടത്തി. “ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ” (കൊലോസിയർ 3:2) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
നാളെ (ഡിസംബർ 30 ചൊവ്വ) രാവിലെ 7 ന് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന, ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ സെൻ്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ സംഗമം എന്നിവ നടക്കും. വൈകിട്ട് 5.30-ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഫാ. ടിജു വർഗീസ് പൊൻപള്ളി മുഖ്യ സന്ദേശവും നൽകും. ഡിസംബർ 31-ന് സുവിശേഷ മഹായോഗം സമാപിക്കും.


