പുത്തൻകുരിശ് ● ആധുനിക കാലഘട്ടത്തിലെ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിക്കാൻ സഭകൾ തമ്മിലുള്ള ആത്മീയ ബന്ധം കൂടുതൽ ദൃഢമാക്കണമെന്ന് മലങ്കര കത്തോലിക്കാ സുറിയാനി സഭയുടെ തലവൻ കർദിനാൾ മാർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ പറഞ്ഞു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ മൂന്നാം ദിവസം ശ്രേഷ്ഠ ബാവാ പുരസ്കാര സ്വീകരണത്തിനു ശേഷം ആമുഖ സന്ദേശം നൽകുകയായിരുന്നു മാർ ക്ലീമീസ് ബാവ.
ഒരുമിച്ച് കർത്താവിന്റെ നാമത്തെ ലോകത്തിന് മുൻപിൽ അറിയിക്കുവാൻ ഹൃദയങ്ങൾ തമ്മിലുള്ള ഐക്യവും അടുപ്പവും ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും മാർ ക്ലീമിസ് ബാവ ഓർമ്മിപ്പിച്ചു. ഓരോ സഭയുടെയും തനിമയും വിശ്വാസികളുടെ വ്യക്തിത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ സഭാബന്ധങ്ങൾ ശക്തമാക്കണം. അനന്യതയ്ക്ക് കോട്ടം തട്ടാതെ സഹോദര സഭകളുമായി പുലർത്തുന്ന സ്നേഹമാണ് ക്രിസ്തീയ സാക്ഷ്യം.
പ്രാർത്ഥന കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും സഭയെ പടുത്തുയർത്തിയ ഇടയശ്രേഷ്ഠനായിരുന്നു കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ. അദ്ദേഹത്തിന്റെ നാമത്തിലുള്ള പുരസ്കാരം സഭകൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ ജീവിക്കുന്ന അടയാളമാണെന്ന് ക്ലീമിസ് ബാവ പ്രസ്താവിച്ചു.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭയുടെ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ മുഖ്യ വചന ശുശ്രൂഷ നിർവഹിച്ചു.
സുവിശേഷ സംഘം പ്രസിഡൻ്റ് ഏലിയാസ് മോർ അത്താനാസിയോസ്, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മോർ ഈവാനിയോസ്, മാത്യൂസ് മോർ തേവോദോസിയോസ്, യാക്കോബ് മോർ അന്തോണിയോസ്, ഐസക് മോർ ഒസ്താത്തിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, മലങ്കര കത്തോലിക്ക സഭയുടെ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സംബന്ധിച്ചു.
ഇന്ന് ഡിസംബർ 29 തിങ്കൾ രാവിലെ 7 മണിക്ക് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന, ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ സൺഡേ സ്കൂൾ അദ്ധ്യാപക, വിദ്യാർത്ഥി, രക്ഷാകർത്തൃസംഗമം എന്നിവ നടക്കും. 5.30 ന് സന്ധ്യാ പ്രാർത്ഥന, ഗാനശുശ്രൂഷ
6.30 ന് പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത ആമുഖസന്ദേശം നൽകും
മാർത്തോമ്മാ സഭയുടെ ഫാ. സന്തോഷ് കെ.സി മുഖ്യ സന്ദേശം നിർവഹിക്കും.
സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷ നടത്തി. “ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ” (കൊലോസിയർ 3:2) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.













