പുത്തൻകുരിശ് ● പാപത്തോട് വിടപറഞ്ഞ് യേശുക്രിസ്തുവിനോട് ഒന്നായിത്തീരുമ്പോഴാണ് മനുഷ്യജീവിതം പുതുജീവൻ പ്രാപിക്കുന്നതെന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ രണ്ടാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത.
മാമോദീസാ തൊട്ടിയിൽ നിന്നും മനുഷ്യൻ ഉയർത്തെഴുന്നേൽക്കുമ്പോഴാണ് ദൈവവുമായുള്ള യഥാർത്ഥ ബന്ധം ആരംഭിക്കുന്നത്. സഭ നൽകുന്ന വിശുദ്ധ കൂദാശകളോട് നാം മുഖം തിരിക്കുമ്പോഴാണ് ദൈവവുമായുള്ള നമ്മുടെ ബന്ധം അകലുന്നത്. കൂദാശകളിലൂടെ ലഭിക്കുന്ന കൃപാവരം ദൈവത്തിലേക്ക് മടങ്ങാനുള്ള കരുത്താണ്. പാപത്തിന്റെ വഴികൾ ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് തിരിയുന്നതിലൂടെ മാത്രമേ ആത്മീയമായ പൂർണത കൈവരിക്കാൻ സാധിക്കൂ എന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. ക്രിസ്തു നമുക്കുവേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റപ്പോൾ അവിടുത്തെ ദൈവീകശക്തി പ്രപഞ്ചം മുഴുവൻ പടർന്നു. ആ ഉയിർപ്പിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ പകർന്നു കിട്ടണമെങ്കിൽ നാം ക്രിസ്തുവിൽ ഒന്നായിത്തീരണമെന്ന് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. സീറോ മലബാർ സഭ വടവാത്തൂർ സെമിനാരി പ്രിൻസിപ്പൽ ഫാ. തോമസ് വടക്കേൽ മുഖ്യ സന്ദേശം നൽകി.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ സേവേറിയോസ് എബ്രാഹാം, ഡോ. മോർ ഈവാനിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ സ്തേഫാനോസ് ഗീവർഗീസ്, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സംബന്ധിച്ചു.
സുവിശേഷ സംഘം ഭാരവാഹികളായ വൈസ് പ്രസിഡന്റ് വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി വന്ദ്യ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവർ നേതൃത്വം നൽകി.
സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷ നടത്തി. “ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ” (കൊലോസിയർ 3:2) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
ഇന്ന് (ഡിസംബർ 28 ഞായർ) രാവിലെ 6.45 ന് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ വിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ജെ.എസ്.സി മിഷന്റെയും ഏലിയാസ് നാമധാരികളുടെയും സംയുക്ത സംഗമവും നടക്കും.
വൈകിട്ട് 6:30-ന് മലങ്കര കത്തോലിക്കാ സുറിയാനി സഭയുടെ തലവൻ കർദിനാൾ മാർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവായ്ക്ക് ‘ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ് എക്സലൻസ് അവാർഡ് : ശ്രേഷ്ഠ ബാവ പുരസ്കാരം’ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സമർപ്പിക്കും. തുടർന്ന് കർദിനാൾ മാർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ ആമുഖ സന്ദേശം നൽകും. മലങ്കര കത്തോലിക്ക സഭയുടെ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ മുഖ്യ വചന ശുശ്രൂഷയും നിർവഹിക്കും.

