പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 36-ാമത് അഖില മലങ്കര സുവിശേഷ യോഗം പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ ആരംഭിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ യോഗം ഉദ്ഘാടനം നിർവഹിച്ചു.
ഭൂമിയിലുള്ളതിനേക്കാൾ ഉയരത്തിലുള്ളതിനെക്കുറിച്ച് ചിന്തിക്കാനും അതിന് ജീവിതത്തിൽ പ്രാധാന്യം നൽകാനും സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോഴും പ്രധാന തീരുമാനമെടുക്കുമ്പോഴും ഉയരങ്ങളിൽ നോക്കി ദൈവത്തെ പ്രാർത്ഥിക്കുമ്പോൾ നമുക്ക് അതിജീവിക്കാൻ കഴിയും. മൂല്യങ്ങൾ മറന്നു ജീവിക്കുന്നവർ ദൈവത്തിൽ നിന്നും അകന്നുപോകുന്നവരാണ്. ദൈവത്തിൽ സമർപ്പിക്കുന്നവർക്ക് സ്വന്തം മനസ്സിനെയും കൂടെയുള്ളവരുടെ മനസ്സിനെയും നിയന്ത്രിക്കുവാനും സന്തോഷ ജീവിതം നയിക്കുവാനും കഴിയുമെന്നും ബാവ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
ഉയരങ്ങളിൽ നിന്ന് ഭൂമിയിലേക്കുള്ള രക്ഷകന്റെ അവതാരമാണ് ക്രിസ്തുമസ്. തിരുപ്പിറവി കേവലം ആഘോഷം മാത്രമാകാതെ മാറ്റത്തിന്റെയും നവീകരണത്തിന്റെയും അനുഭവത്തിലേക്ക് നമ്മെ നയിക്കണമെന്ന് ബാവ ആഹ്വാനം ചെയ്തു. ഭാരതത്തിൽ ചിലയിടങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ദുഃഖകരമാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷത സംരക്ഷിക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണമെന്നും ബാവ ഓർമ്മിപ്പിച്ചു.
സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി.
“ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ” (കൊലോസിയർ 3:2) എന്ന ഈ വർഷത്തെ ചിന്താവിഷയത്തിന്റെ ആഴവും പ്രസക്തിയും മെത്രാപ്പോലീത്ത വിശദീകരിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ ഈവാനിയോസ് മാത്യൂസ്, മോർ ഒസ്താത്തിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ്, മോർ സ്തേഫാനോസ് ഗീവർഗീസ്, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സംബന്ധിച്ചു. സുവിശേഷ സംഘം ഭാരവാഹികളായ വൈസ് പ്രസിഡന്റ് വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി വന്ദ്യ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവർ നേതൃത്വം നൽകി.
സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷ നടത്തി. “ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ” (കൊലോസിയർ 3:2) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
ഇന്ന് (ഡിസംബർ 27 ശനി) രാവിലെ 7 മണിക്ക് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന, 9 മണിക്ക് അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിൻ്റെ ദേശീയ സമ്മേളനം എന്നിവ നടക്കും. മർത്തമറിയം വനിതാ സമാജം പ്രസിഡൻ്റ് അഭിവന്ദ്യ സക്കറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപത ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തും.
വൈകിട്ട് 6:30-ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഫാ. തോമസ് വടക്കേൽ മുഖ്യ സന്ദേശവും നൽകും.














