പുത്തൻകുരിശ് ● കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും തമ്മിലുള്ള സംയുക്ത അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ കമ്മീഷൻ യോഗം വെട്ടിക്കൽ ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ (എം.എസ്.ഒ.റ്റി) നടന്നു. ഇരു സഭകളും തമ്മിലുള്ള എക്യുമെനിക്കൽ
ബന്ധം, സഹകരണം, അജപാലനപരമായ ഇടപെടൽ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായകമായ ചുവടുവെപ്പായി യോഗം വിലയിരുത്തപ്പെട്ടു.
പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് യോഗത്തിന് തുടക്കമായത്. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ കാര്യാലയത്തിന്റെ പ്രസിഡന്റും കമ്മീഷൻ സഹ-അധ്യക്ഷനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, കമ്മീഷന്റെ കഴിഞ്ഞ മുപ്പത് വർഷത്തെ പ്രവർത്തനങ്ങളും അതിന്റെ ചരിത്രപ്രാധാന്യവും വിശദീകരിച്ചു. കാലാനുസൃതമായി ഇരു സഭകൾക്കിടയിൽ സഹകരണത്തിന്റെ പുതിയ മേഖലകൾ തുറക്കേണ്ടതിന്റെ ആവശ്യകതയും മെത്രാപ്പോലീത്ത സ്വാഗത പ്രസംഗത്തിൽ അടിവരയിട്ടു.
കത്തോലിക്കാ സഭയിൽ നിന്നുള്ള കമ്മീഷൻ്റെ സഹ അധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആമുഖ പ്രസംഗം നടത്തി. ദൈവശാസ്ത്രപരമായ ആഴമേറിയ ചിന്തകൾക്കും പരസ്പര ശ്രവണത്തിനും ഈ പ്രസംഗം വേദിയൊരുക്കി.
കമ്മീഷന്റെ സഹ സെക്രട്ടറിയും വത്തിക്കാൻ പ്രതിനിധിയുമായ റവ. ഡോ. ഹയാസിന്തെ ഡെസ്റ്റിവെൽ മുൻ യോഗത്തിൻ്റെ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അഭിവന്ദ്യ ബിഷപ്പ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ ‘എക്യുമെനിസം പ്രയോഗത്തിൽ’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, കഴിഞ്ഞ മുപ്പത് വർഷങ്ങളിലായി ഇരു സഭകളും തമ്മിൽ ഉണ്ടായ കരാറുകളുടെ പ്രായോഗികതയും അവ ഇടവകതലത്തിലും വിശ്വാസികളുടെ സഭാജീവിതത്തിലും എത്രമാത്രം നടപ്പിലാക്കപ്പെട്ടുവെന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ അവതരിപ്പിച്ചു. ഇതുവരെ പൂർണ്ണമായി പ്രാവർത്തികമാകാതെ നിലനിൽക്കുന്ന മേഖലകൾ കമ്മീഷൻ വിശദമായി വിലയിരുത്തുകയും, അവയെ അടിസ്ഥാനമാക്കി ഇരു സഭകൾക്കും അനുയോജ്യമായ ഒരു പൊതുവായ അജപാലന മാർഗ്ഗനിർദ്ദേശം തയ്യാറാക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
ഇരു സഭകൾ തമ്മിൽ നിലവിലുള്ള വിവാഹകരാറുകൾ സഭാജീവിതത്തിൽ എത്രമാത്രം സ്വീകാര്യവും പ്രാവർത്തികവുമാണെന്നതും പ്രത്യേകമായി അവലോകനം ചെയ്തു. സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ മേഖലകളിൽ ഇരു സഭകളിലെയും വിശ്വാസികൾക്ക് ലഭിക്കേണ്ട അജപാലന ശുശ്രൂഷയെക്കുറിച്ച് റവ. ഡോ. ഫിലിപ്പ് നെൽപുറപ്പറമ്പിൽ പ്രബന്ധം അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ കമ്മീഷൻ അംഗീകരിച്ചു. തുടർന്ന് സുറിയാനി ഭാഷയിൽ നടന്ന മധ്യാഹ്ന പ്രാർത്ഥനയിൽ മുഴുവൻ അംഗങ്ങളും പങ്കുചേർന്നു.
ഉച്ചകഴിഞ്ഞ് നടന്ന സെഷനിൽ, ഇരു സഭകളുടെയും യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലെ പ്രതിനിധികളുമായി കമ്മീഷൻ അംഗങ്ങൾ സംവദിച്ചു. എക്യുമെനിസവുമായി ബന്ധപ്പെട്ട തങ്ങളുടെ ജീവിതാനുഭവങ്ങൾ യുവജനങ്ങൾ പങ്കുവെച്ചു. ഫാ. ബിജു മത്തായി, ഫാ. ജെറി കുര്യൻ എന്നിവർ സംവാദത്തിന് നേതൃത്വം നൽകി. എക്യുമെനിക്കൽ ബന്ധങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് ഈ കൂടിക്കാഴ്ച അടിവരയിട്ടു. ഐക്യം, പരസ്പര ബഹുമാനം, വിശ്വാസത്തിലും അജപാലന ദൗത്യത്തിലുമുള്ള തുടർച്ചയായ സഹകരണം എന്നിവയിലേക്കുള്ള പ്രതിബദ്ധത ഇരു സഭകളും വീണ്ടും ഉറപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കർമ്മപദ്ധതികൾക്ക് നേതൃത്വം നൽകുവാനും തീരുമാനമായി.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ നിന്ന് അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത, വന്ദ്യ ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ, വന്ദ്യ ഡോ. കുര്യാക്കോസ് മൂലയിൽ കോർ എപ്പിസ്കോപ്പ, പ്രൊഫ. ഫാ. ഷിബു ചെറിയാൻ, പ്രൊഫ. ഫാ. ദാനിയേൽ തട്ടാറയിൽ, ഫാ. ജെറി കുര്യൻ, ഫാ. ബിജു പി.എം, വന്ദ്യ ഡോ. സലിബ റമ്പാൻ, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, പ്രൊഫ. ഡോ. അനീഷ് കെ. ജോയ് എന്നിവരും കത്തോലിക്ക സഭയിൽ നിന്ന്
അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട്, അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട്, റവ. ഡോ. ഹയാസിന്തെ ഡെസ്റ്റിവെൽ, ബിഷപ്പ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ, റവ. ജേക്കബ് തെക്കേപ്പറമ്പിൽ, റവ. ഡോ ഫിലിപ്പ് നെൽപ്പുരപറമ്പിൽ, റവ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ എന്നിവരും പങ്കെടുത്തു.
















