തിരുവാങ്കുളം ● വത്തിക്കാനിലെ സഭൈക്യ കാര്യാലയമായ ‘പൊന്തിഫിക്കൽ കൗൺസിൽ ഫോർ പ്രൊമോട്ടിങ് ക്രിസ്റ്റ്യൻ യൂണിറ്റിയുടെ’ പ്രതിനിധിയായ റവ. ഡോ. ഹയാസിന്തെ ഡെസ്റ്റിവെൽ ഒ.പി, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡൻസിൽ സന്ദർശിച്ചു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ കാര്യാലയത്തിന്റെ പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു.
കത്തോലിക്കാ സഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ വേദിയായ ജോയിന്റ് ഇന്റർനാഷണൽ കമ്മീഷന്റെ കോ-സെക്രട്ടറിയാണ് റവ. ഡോ. ഹയാസിന്തെ ഡെസ്റ്റിവെൽ.
വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയിൽ കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും തമ്മിൽ നടന്ന ദൈവശാസ്ത്ര സംവാദത്തിനായുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷൻ യോഗത്തിൽ സംബന്ധിക്കുവാനാണ് അദ്ദേഹം കേരളത്തിലെത്തിയത്.
