ബാംഗ്ലൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാ പാരമ്പര്യങ്ങളെ കോർത്തിണക്കിയ ‘ദി ഏൻഷ്യൻ്റ് ഫ്ളേംസ്’ (The Ancient Flames) ബുക്ക് സീരീസിന്റെ ആദ്യ പതിപ്പ് ‘പിൽഗ്രിമേജ് ടു ബെത് ലലഹേം’ (Pilgrimage to Bethlehem) എന്ന പേരിൽ ബാംഗ്ലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്തു.
ക്രിസ്തുമസിനെ ആസ്പദമാക്കിയുള്ള ഈ പുസ്തകം, പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാ പാരമ്പര്യങ്ങൾ, വേദപുസ്തകപരമായ അടിത്തറ, സഭാചരിത്രം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന 25-ലധികം ലേഖനങ്ങളുടെ ഒരു സമഗ്ര ശേഖരമാണ്.
ഇംഗ്ലീഷ് ഭാഷയിൽ സഭയുടെ ആരാധനാക്രമങ്ങളെക്കുറിച്ചും അടിസ്ഥാന വിശ്വാസങ്ങളെക്കുറിച്ചുമുള്ള പഠനവിഭവങ്ങൾ (Syrian Orthodox Resources) പരിമിതമാണെന്ന കുറവ് പരിഹരിക്കുന്നതിനാണ് ബാംഗ്ലൂർ ഭദ്രാസനം ഈ ബുക്ക് സീരീസിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന് പുറത്തുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാംഗങ്ങളായ യുവതലമുറയ്ക്ക് സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെക്കുറിച്ച് സമഗ്രമായ അറിവ് നൽകുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
ഈ പ്രഥമ പതിപ്പിൽ, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ, ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, വന്ദ്യ കൗമാ റമ്പാൻ, കൂടാതെ ഭദ്രാസനത്തിലെ വൈദികരായ ഫാ. പ്രവീൺ കുര്യാക്കോസ്, ഫാ. പോൾ ബെന്നി, ഫാ. ബ്ലസൻ ബേബി എന്നിവരാണ് ക്രിസ്തുമസ് വിഷയത്തെ ആസ്പദമാക്കി ലേഖനങ്ങൾ രചിച്ചിരിക്കുന്നത്.
ബാംഗ്ലൂർ ഭദ്രാസനത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ക്രിസ്റ്റോസ് പബ്ലിക്കേഷൻസിന്റെയും സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭദ്രാസനത്തിന്റെ ‘ശാന്ത രാത്രി’ ക്രിസ്തുമസ് പരിപാടിയോട് അനുബന്ധിച്ച് ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. അപ്പോസ്തോലിക വിശ്വാസത്തിലും സുറിയാനി ഓർത്തഡോക്സ് സഭയുടെ നിലനിൽക്കുന്ന ആരാധനാക്രമത്തിലും വേരൂന്നിയ കൃതിയാണിതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ക്രിസ്തുമസിന്റെ ആഴത്തിലേക്ക് വായനക്കാരനെ നയിക്കുന്ന ദൈവശാസ്ത്രപരമായ പ്രതിഫലനങ്ങളും, മനുഷ്യ ചരിത്രത്തിലേക്ക് കടന്നുവരുന്ന ദിവ്യ വെളിച്ചമായി ക്രിസ്തുമസിനെ വെളിപ്പെടുത്തുന്ന കാഴ്ചപ്പാടുകളും ഇതിൽ ഉൾക്കൊള്ളുന്നുവെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
‘ദി ഏൻഷ്യൻ്റ് ഫ്ളേംസ്’ ഒരു ബുക്ക് സീരീസായതിനാൽ, ക്രിസ്തുമസ് തീമിന് പുറമെ വലിയ നോമ്പ് പോലുള്ള പ്രധാന സഭാപരമായ വിശേഷാവസരങ്ങളുമായി ബന്ധപ്പെട്ട തുടർന്നുള്ള പതിപ്പുകളും പുറത്തിറക്കാൻ ഭദ്രാസനം പദ്ധതിയിടുന്നു.






