പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സ്വകാര്യ സന്ദർശനത്തിനായി ഇന്ന് രാവിലെ മലങ്കരയിൽ എത്തിച്ചേർന്നു. ഡിസംബർ 19 വെള്ളിയാഴ്ച വരെ മഞ്ഞിനിക്കര ദയറായിൽ പരിശുദ്ധ ബാവ പ്രാർത്ഥനയിലും ധ്യാനത്തിലുമായി കഴിയും.
തന്റെ മുൻഗാമിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ പുണ്യ കബറിടത്തിൽ ധ്യാനത്തിലും പ്രാർത്ഥനയിലുമായി സമയം ചെലവഴിക്കാനാണ് പരിശുദ്ധ പിതാവ് എത്തിയിട്ടുള്ളത്. പരിശുദ്ധ മോറാൻ്റെ കബറിടത്തിൽ ധ്യാനത്തിലും പ്രാർത്ഥനയിലും സമയം ചെലവഴിക്കണമെന്ന പരിശുദ്ധ ബാവായുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്.
കഴിഞ്ഞ വർഷം 2024 ഡിസംബർ 9-ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40-ാം ഓർമ്മദിനത്തിലെ ശുശ്രൂഷകളിൽ മുഖ്യ കാർമികത്വം വഹിക്കാൻ മലങ്കരയിലെത്തിയപ്പോൾ, പത്തു ദിവസം മഞ്ഞിനിക്കരയിൽ പ്രാർത്ഥനാനിരതനായി തങ്ങാൻ പരിശുദ്ധ ബാവ ആഗ്രഹിച്ചിരുന്നു.
എന്നാൽ, സിറിയയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ആഭ്യന്തര കലഹങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് തന്റെ സാന്നിധ്യം അനിവാര്യമായതിനാൽ മലങ്കര സന്ദർശനം വെട്ടിച്ചുരുക്കി ഡിസംബർ 10-ന് തന്നെ പരിശുദ്ധ പിതാവിന് മടങ്ങേണ്ടി വന്നു.
അന്ന് ആഗ്രഹം പൂർത്തിയാക്കാതെ മടങ്ങിയ അതേ ഡിസംബർ 10-ന് തന്നെ, കൃത്യം ഒരു വർഷത്തിനു ശേഷം, വീണ്ടും പുണ്യസ്ഥലത്ത് പ്രാർത്ഥനയ്ക്കായി എത്തിച്ചേരാൻ സാധിച്ചത് ദൈവനിയോഗമായാണ് പരിശുദ്ധ സഭ കാണുന്നത്. ഇന്ന് വൈകിട്ട് പരിശുദ്ധ ബാവ മഞ്ഞിനിക്കര ദയറായിൽ എത്തിച്ചേർന്ന് ധ്യാനം ആരംഭിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
(മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
10/12/2025



