പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിൻ്റെ പന്തലിൻ്റെ കാൽനാട്ടു കർമ്മം സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥനയ്ക്കു ശേഷമാണ് ചടങ്ങ് നടന്നത്. സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സുവിശേഷ സംഘം ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി വന്ദ്യ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവരും വന്ദ്യ വർഗീസ് തെക്കേക്കര കോർ എപ്പിസ്കോപ്പ, ഫാ. മാത്യൂസ് ചാലപ്പുറം തുടങ്ങിയ വൈദികരും അനേകം വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.




