തൃശ്ശൂർ ● പെങ്ങാമുക്ക് സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ 157-ാം തിരുശേഷിപ്പ് സ്ഥാപിത പെരുന്നാളും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും ഡിസംബർ 9, 10 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും. മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ഇന്ത്യയിലെ ഏക ദൈവാലയമാണിത്.
ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് പെരുന്നാളിൻ്റെ ആദ്യ ദിവസമായ ഡിസംബർ 9 ചൊവ്വാഴ്ച വൈകിട്ട് 7.30-ന് പള്ളിയിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകും. സ്വീകരണ പരിപാടികളിൽ തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ്, കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ്, ബാംഗ്ലൂർ-മൈലാപൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തന്മാരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും.
ഡിസംബർ 9 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് പടിഞ്ഞാറ്റുമുറി സെൻ്റ് ജോർജ്ജ് കുരിശുപള്ളിയിൽ നിന്ന് പെരുന്നാൾ പ്രദക്ഷിണം ആരംഭിച്ച് തെക്കുമുറിയിൽ പോയി തിരിച്ച് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിത കുരിശുപള്ളിയിൽ ധൂപ പ്രാർത്ഥന നടത്തി പള്ളിയിൽ തിരിച്ചെത്തും. തുടർന്ന് വൈകിട്ട് 7.30-ന് പള്ളിയുടെ മുന്നിൽ നിന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും, അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർക്കും സ്വീകരണം, സന്ധ്യാപ്രാർത്ഥന, പൊതുസമ്മേളനം, ആശിർവാദം, അത്താഴ സദ്യ എന്നിവ നടക്കും.
ഡിസംബർ 10 ബുധനാഴ്ച രാവിലെ 6.30-ന് പ്രഭാത പ്രാർത്ഥന, 7 മണിക്ക് അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് മോർ ബസ്സേലിയോസ് യൽദോ ബാവായുടെ തിരുശേഷിപ്പിൽ ധൂപ പ്രാർത്ഥന, തുടർന്ന് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിതമായ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, പെരുന്നാൾ സന്ദേശം, ആശീർവാദം, നേർച്ച എന്നിവ നടത്തപ്പെടും. അന്ന് വൈകിട്ട് 5 മണിക്ക് പള്ളിയിൽ പാച്ചോർ നേർച്ച വിളമ്പലും ഉണ്ടായിരിക്കും.
പള്ളി വികാരിമാരായ ഫാ. ബേസിൽ കൊല്ലാർമാലി, ഫാ. ഏലിയാസ് കീരിമോളയിൽ, ട്രസ്റ്റി സോജൻ കെ.ജെ, സെക്രട്ടറി അരുൺ റ്റി. രാജൻ, ജോയിന്റ് സെക്രട്ടറി ജിജോ കെ. ജോർജ്, പള്ളി ഭരണ സമിതി അംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും.
