മീനങ്ങാടി ● മലബാർ ഭദ്രാസനത്തിലെ മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോര് ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ ആരംഭിച്ചു. ഡിസംബർ 1 ന് തിങ്കളാഴ്ച നടന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയ്ക്ക് ഫാ. എല്‍ദോ കാട്ടുകുടി, ഫാ.സജി അബ്രാഹം ചൊള്ളാട്ട്, ഫാ.ബൈജു മനയത്ത് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടർന്ന് പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ബിജുമോന് കര്‍ലോട്ടുകുന്നേല്‍ കൊടി ഉയര്‍ത്തി. വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു.
2-ന് ചൊവ്വാഴ്ച നടന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയ്ക്ക് ഭദ്രാസനാധിപൻ അഭിവന്ദ്യ മോര് സ്തേഫാനോസ് ഗീവര്‍ഗ്ഗീസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. മനീഷ് ജേക്കബ് പുല്ല്യാട്ടേല്‍, ഫാ എല്‍ദോ മനയത്ത് എന്നിവര്‍ സഹ കാര്‍മികരായിരുന്നു.
തുടർന്ന് സ്നേഹസ്പര്‍ശം 2025, സുല്‍ത്താന്‍ ബത്തേരി വിനായക ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്തപ്പെട്ടു. വൈകിട്ട് കുരിശിന്‍തൊട്ടികളില്‍ കൊടി ഉയര്‍ത്തല്‍, ദൈവാലയ കവാടത്തില്‍ അഭിവന്ദ്യ മോര് സ്തേഫാനോസ് ഗീവര്‍ഗ്ഗീസ് മെത്രാപ്പോലീത്തായ്ക്കും അഭിവന്ദ്യ ഡോ. മോര് തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായ്ക്കും സ്വീകരണം, സന്ധ്യാപ്രാര്‍ത്ഥന, മീനങ്ങാടി ടൗണ്കുരിശിലേക്ക് പ്രദക്ഷിണം, ആശീര്‍വ്വാദം എന്നിവ ഉണ്ടായിരുന്നു. പൊതുസദ്യയോടൊപ്പം യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാദ്യമേള സംഗമം നടത്തി.
പ്രധാന പെരുന്നാള്‍ ദിനമായ ഇന്ന് ഡിസംബർ 3 ബുധനാഴ്ച വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയ്ക്ക് എം.എസ്.ഒ.റ്റി സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തായും യൂറോപ്പ് പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ ഡോ. മോര് തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാര്മാകത്വം വഹിക്കും. ഫാ. എല്‍ദോ അതിരമ്പുഴയില്‍, ഫാ. ജെയിംസ് വന്മേലില് എന്നിവര്‍ സഹകാര്മികരായും. 10 മണിക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 10.30-ന് പ്രസംഗം 11.30-ന് പ്രദക്ഷിണം, ആശീര്‍വ്വാദം തുടര്‍ന്ന് നേര്‍ച്ചസദ്യ 3 മണിക്ക് കൊടിയിറക്ക് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.
വികാരി ഫാ. ബിജുമോന് കര്‍ളോട്ടുകുന്നേല്‍, ട്രസ്റ്റി ടി.കെ. തോമസ് തുരുത്തുമ്മേല്‍, സെക്രട്ടറി സാബു വരിക്കളായില്‍, ജോ. ട്രസ്റ്റി ജിതിന് ജോണി കാരുകുഴി, പബ്ലിസിറ്റി കണ്‍വീനര്‍ അനില്‍ ജേക്കബ് കീച്ചേരില്‍ എന്നിവര്‍ നേതൃത്വം നൽകും.


