ദുബായ് ● പതിറ്റാണ്ടുകളായി തുടരുന്ന സഭാ തർക്കം ഇനി വരുന്ന തലമുറയിലേക്കു കൈമാറാൻ ആഗ്രഹിക്കുന്നില്ലെന്നും, വ്യവഹാരങ്ങൾക്കപ്പുറം ക്രിസ്തീയ
മാർഗത്തിലൂടെയും സ്നേഹത്തിന്റെ
ഭാഷയിലൂടെയും എല്ലാ പ്രശ്നങ്ങളും
പരിഹരിക്കണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
ദുബായിലെ അൽ നാസർ ലഷർ ലാൻഡിൽ നടന്ന യു.എ.ഇ മേഖല മഹാസംഗമത്തോടനുബന്ധിച്ച് പള്ളികൾ ചേർന്ന് ഒരുക്കിയ സ്വീകരണ പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
വ്യവഹാരങ്ങൾ ഒരിക്കലും പരിഹാരമാകില്ല. ക്രിസ്തീയ മാർഗത്തിലൂടെ പരിഹാരത്തിനു
ധാരാളം സാധ്യതകൾ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. ആ സാധ്യതയിലേക്ക് എല്ലാവരും കടന്നു വരാനുള്ള പ്രാർത്ഥനയും
പരിശ്രമവുമാണ് നടത്തുന്നത്. മറുവിഭാഗത്തെ ഒരിക്കലും ശത്രുക്കളായി കാണുന്നില്ല. സഹോദരങ്ങളായി കണ്ടുകൊണ്ടാണ് അവരോടു സംവദിക്കാൻ ശ്രമിക്കുന്നതെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.
ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസി സമൂഹം ചെറുതായിക്കൊണ്ടിരിക്കുന്ന കാലമാണ്. പണ്ട് ഒരു വീട്ടിൽ എട്ടും പത്തും മക്കളുണ്ടായിരുന്നു. ഇന്നു കാര്യങ്ങൾ മാറി മറിഞ്ഞു. ഇന്നു സഭ കൂടുതൽ ചെറുതാവുന്നു. എല്ലാ സഭകളുടെയും കാര്യം അങ്ങനെ തന്നെയാണ്. പോരടിക്കാനും മൽസരിക്കാനും വ്യവഹാരം നടത്താനും സാധ്യതകളില്ലാത്തവരാണ് ക്രൈസ്തവ സഭകൾ. അത്രമേൽ അതിസൂക്ഷ്മ ന്യൂനപക്ഷമായി ക്രൈസ്തവ സമൂഹം ഭാരതത്തിൽ മാറി. അതിനാൽ തന്നെ ക്രൈസ്തവ സഭകൾ തമ്മിലുള്ള പോരാട്ടം
ശരിയല്ല. ഒരു കുടുംബം, ഒരേ വിശ്വാസം അവിടെ ഐക്യപ്പെടാൻ സാധിക്കാത്ത ചില മേഖലകളുണ്ടെങ്കിൽ അതു കണ്ടെത്തി അവിടെ പരസ്പര സ്നേഹവും ബഹുമാനവും ഉറപ്പാക്കി എല്ലാത്തിനും പരിഹാരം ഉണ്ടാക്കാൻ കഴിയണം. എല്ലാ കാര്യങ്ങളും
സർക്കാരിന്റെയും കോടതിയുടെയും
പരിഗണനയിൽ നിൽക്കുന്നു. നമ്മൾ
മാത്രം വിചാരിച്ചാൽ പരിഹാരം ഉണ്ടാകില്ല. പക്ഷേ നമ്മുടെ ആഗ്രഹങ്ങൾ ദൈവ സന്നിധിയിൽ വിനയത്തോടെ സമർപ്പിക്കാം.
13 വയസ് മുതൽ സഭയുടെ
പ്രയാസങ്ങളും പ്രതിസന്ധികളും
നേരിട്ട് അനുഭവിക്കുന്ന ആളാണ്
താൻ. ഇന്ന് 65-ാം വയസിൽ സഭയുടെ
ഉന്നത സ്ഥാനത്തേക്കു ചുമതലപ്പെടുത്തുമ്പോൾ
ബാല്യത്തിൽ മനസ്സിൽ കോറിയിട്ട
ഒത്തിരി വികാരങ്ങളും വേദനകളുമുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള തലമുറയ്ക്ക് അതു കൈമാറുന്നതു ശരിയല്ലെന്ന ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത്.
സഭയുടെ പ്രയാസ ഘട്ടത്തിൽ കേരള സർക്കാർ ഗൗരവമായി ഇടപെട്ടിട്ടുണ്ട്. ഇതുകൊണ്ട് സഭയ്ക്ക് ഒരുപാടു മാനം കൈവരിക്കാൻ സാധിച്ചു. ശാശ്വത പരിഹാരത്തിനു സർക്കാരിന് ഒരുപാട് കാര്യം ചെയ്യാൻ കഴിയും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറടക്ക ശുശ്രൂഷയിൽ മുഖ്യമന്ത്രി ചില സൂചനകൾ നൽകിയിരുന്നു. അതിൽ പ്രതീക്ഷ അർപ്പിക്കുകയാണ് യാക്കോബായ സുറിയാനി സഭയെന്നും ബാവ പറഞ്ഞു.
സ്വീകരണ പൊതുയോഗം ലുലു ഗ്രൂപ്പ് ചെയർമാൻ കമാണ്ടർ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഇരുപത്തഞ്ച് വർഷം പൂർത്തിയാക്കിയ സൺഡേ സ്കൂൾ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. യു.എ.ഇ മേഖലയുടെ പുതുവത്സര കലണ്ടർ ബാവ പ്രകാശനം ചെയ്തു.
സോണൽ കൗൺസിൽ ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഫാ. ബിനു അമ്പാട്ട്, സെക്രട്ടറി സന്ദീപ് ജോർജ് എന്നിവർ പ്രസംഗിച്ചു. എല്ലാ പള്ളികളിൽനിന്നും ഇടവക അംഗങ്ങൾ പങ്കെടുത്ത കലാപരിപാടികളും നടന്നു. മഹാ സംഗമത്തിൽ യു.എ.ഇ മേഖലയിലെ വിവിധ പള്ളികളിൽ നിന്നുള്ള വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.












