കരിങ്ങാച്ചിറ ● ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വൃശ്ചികം 20 പെരുന്നാളിനും (പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ്മ) ചരിത്രപ്രസിദ്ധമായ തമുക്കു നേർച്ചയ്ക്കും ഭക്തി നിർഭരമായ തുടക്കമായി.
ഇന്ന് രാവിലെ നടന്ന വി. കുർബ്ബാനയെ തുടർന്ന് വിശ്വാസികളുടെ പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. ഫാ. റ്റിജോ മർക്കോസ്, ഫാ. റിജോ ജോർജ്, ഫാ. ബേസിൽ ഷാജു, ഫാ. ഷൈജു പഴമ്പിള്ളിൽ, ഫാ. മത്തായി കുളച്ചിറ, ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, അത്മായ വൈസ് പ്രസിഡൻ് ജീവൻ മാലായിൽ, ട്രസ്റ്റിമാരായ എം.പി. പോൾ, ഐ.കെ. ജോർജ്, തമുക്കു പെരുന്നാൾ കമ്മിറ്റി കൺവീനർ അനീഷ് ബേബി കൂറുള്ളിൽ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് എന്നിവർ സംബന്ധിച്ചു. പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മയാണ് പെരുന്നാൾ ആഘോഷം.
വൈകിട്ട് സന്ധ്യാ പ്രാർത്ഥനയും, യൂത്ത് അസ്സോസിയേഷൻ വാർഷികവും നടന്നു കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ജനുവരി നാലു മുതൽ പതിനൊന്ന് വരെ നടക്കുന്ന കരിങ്ങാച്ചിറ കാർണിവലിൻ്റെ ലോഗോ പ്രകാശനവും നടന്നു.
നാളെ ഡിസംബർ 2 ചൊവ്വ രാവിലെ 6:45-ന് പ്രഭാത പ്രാർത്ഥന 7.30-ന് വി. മൂന്നിൻമേൽ കുർബ്ബാന, 11 മണിക്ക് കത്തീഡ്രൽ വക വെണ്ണിക്കുളം, അമ്പലുകൾ, കുരീക്കാട് കുരിശുപള്ളികളിൽ ധൂപപ്രാർത്ഥന, വൈകിട്ട് 4-ന് മേമ്പൂട്ടിൽ നിന്നും കുരിശുകളും പള്ളി ഉപകരണങ്ങളും ആഘോഷമായി കത്തീഡ്രലിലേക്ക് കൊണ്ടുപോകുന്ന ചടങ്ങ് എന്നിവ നടക്കും. 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് തിരുവാങ്കുളം കുരിശു പള്ളിയിലേക്കുള്ള പ്രദക്ഷിണം നടക്കും. പ്രദക്ഷിണം ധൂപപ്രാർത്ഥനയെ തുടർന്ന് പടിഞ്ഞാറെ കുരിശുപള്ളിയിൽ എത്തി പ്രാർത്ഥനയ്ക്കു ശേഷം റോഡിൻ്റെ വലത്തു ഭാഗത്തു കൂടെ മുന്നോട്ടു നീങ്ങും. പ്രദക്ഷിണം പോകുന്ന വഴിയിൽ സ്ലീബവന്ദനവിനായി പടിഞ്ഞാറെ കുരിശ്, തെക്കേനട, ഹിൽപ്പാലസ് ജംഗ്ഷൻ, പറപ്പിള്ളി റോഡ് ജംഗ്ഷൻ ക്യംതാ സെമിനാരി ജംഗ്ഷൻ, കേശവൻപടി, എൽ.ബി.എസ്സ് റോഡ് ജംഗ്ഷൻ, വയലിൽ റോഡ് ജംഗ്ഷൻ, തിരുവാങ്കുളം കുരിശ് പള്ളി എന്നിവിടങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന പെരുന്നാൾ ദിവസമായ ഡിസംബർ 3 ബുധനാഴ്ച രാവിലെ 6:30-ന് ബന്യാമിൻ മുളേരിക്കൽ റമ്പാൻ്റെ കാർമികത്വത്തിൽ വി. കുർബ്ബാനയും തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥനയും നടക്കും. 8:30-ന് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിൻമ്മേൽ കുർബ്ബാന അർപ്പിക്കപ്പെടും. വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും തുടർന്ന് ചിത്രപ്പുഴ കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണവും നടക്കും. പ്രദക്ഷിണം തിരികെ എത്തി ആശീർവ്വാദത്തോടെ പെരുന്നാൾ സമാപിക്കും.


