അങ്കമാലി ● ഭാരതത്തിലെ അതിപുരാതന ദൈവാലയവും അങ്കമാലിയിലെ ക്രൈസ്തവരുടെ മാതൃദൈവാലയവുമായ ചരിത്ര പ്രസിദ്ധമായ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയപള്ളിയുടെ 1201-ാമത് വൃശ്ചികം 19 പെരുന്നാളും സത്യവിശ്യാസ സംരക്ഷകൻ പരിശുദ്ധനായ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഡിസംബർ 1, 2, 3 തീയതികളിൽ കൊണ്ടാടും.
പെരുന്നാൾ ദിനമായ ഡിസംബർ 1 തിങ്കളാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന 9.30-ന് പ്രസംഗം, ധൂപപ്രാർത്ഥന, വഴിപാട് സമർപ്പണം, തമുക്ക് നേർച്ച എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് മേമ്പൂട്ടിൽ നിന്ന് പൊൻ-വെള്ളി കുരിശുകളും പള്ളി ഉപകരണങ്ങളും ആഘോഷപൂർവ്വം പള്ളിയകത്തേക്ക് കൊണ്ടു പോകും.
വൈകിട്ട് 7 മണിക്ക് അഭിവന്ദ്യരായ മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ യൂലിയോസ് ഏലിയാസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന നടക്കും. തുടർന്ന് 9.30-ന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സൂത്താറ പ്രാർത്ഥനയും ഈ ദൈവാലയത്തിൽ മാത്രം പ്രത്യേകമായി മോർ ശാബോർ അഫ്രോത്ത് പിതാക്കന്മാരെ സ്മരിച്ചുകൊണ്ട് നടത്തപ്പെടുന്ന പ്രത്യേക ധൂപപ്രാർത്ഥനയും നടക്കും.
പ്രധാനപ്പെരുന്നാൾ ദിവസമായ ഡിസംബർ 2 ചൊവ്വാഴ്ച രാവിലെ 5.30 ന് പ്രഭാത പ്രാർത്ഥനയും 6 മണിക്ക് അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ആദ്യത്തെ വിശുദ്ധ കുർബ്ബാനയും 7 മണിക്ക് അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ രണ്ടാമത്തെ വിശുദ്ധ കുർബ്ബാനയും തുടർന്ന് 9 മണിക്ക് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും. തുടർന്ന് പെരുന്നാൾ സന്ദേശം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, നേർച്ചസദ്യ എന്നിവ ഉണ്ടാകും.
ഡിസംബർ 3 ബുധൻ 7 മണിക്ക് പ്രഭാതപ്രാർത്ഥന, 7.30-ന് വയലിപ്പറമ്പിൽ വന്ദ്യ ബർസൗമോ റമ്പാച്ചൻ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, 9 മണിക്ക് കൊടിയിറക്കൽ എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. വികാരി ഫാ. ഗീവർഗ്ഗീസ് അരീയ്ക്കൽ, സഹവികാരി ഫാ. എൽദോ തൈപ്പറമ്പിൽ, ട്രസ്റ്റിമാരായ എ.വി. ജോൺസൺ അറയ്ക്കൽ, ജോസ് പി. വർഗ്ഗീസ് പൈനാടത്ത്, ഭരണസമിതിയംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
പെരുന്നാളിൻ്റെ ആരംഭ ദിനമായ നവംബർ 25 ദൈവാലയത്തിൻ്റെ നവീകരിച്ച മുഖവാരത്തിന്റെ കൂദാശ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. നവംബർ 26 മുതൽ 29 വരെ രാവിലെ വി. കുർബ്ബാനയും വൈകിട്ട് സന്ധ്യാപ്രാർത്ഥനയും നടന്നു. നവംബർ 30 ഞായർ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. സന്ധ്യാപ്രാർത്ഥനയ്ക്കു ശേഷം സണ്ടേസ്കൂളിൻ്റെയും ഭക്തസംഘടനകളുടെയും സംയുക്തവാർഷികവും നടന്നു.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
