തൊടുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസന വാർഷിക പള്ളി പ്രതിനിധി യോഗം വണ്ണപ്പുറം മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്നു.
ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. എൽദോ തോമസ് മണപ്പാട്ട് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഭദ്രാസന സെക്രട്ടറി പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടും ഭദ്രാസന ജോയിൻ്റ് സെക്രട്ടറി സാബു നാരേക്കാട്ട് വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.
അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മഹാപൗരോഹിത്യത്തിൻ്റെ രജത ജൂബിലി ഭദ്രാസന പ്രതിനിധി യോഗത്തിൻ്റെ നേതൃത്വത്തിൽ 2026 ജനുവരി 14-ന് വിപുലമായി ആഘോഷിക്കാൻ യോഗം തീരുമാനിച്ചു. ഭദ്രാസനത്തിലെ വൈദികരും വിവിധ പള്ളികളിലെ പ്രതിനിധികളും വാർഷിക യോഗത്തിൽ പങ്കെടുത്തു.







