ദോഹ ● സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംരംഭകനും ഖത്തറിലെ പ്രമുഖ പ്രോജക്ട് സപ്ലൈസ് കമ്പനിയായ ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോണിനെ കൈരളി ടിവി ആദരിച്ചു. 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇത്തിഹാദ് അരീനയിലെ യാസ് ഐസലൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈരളിയുടെ ഉപഹാരം സമ്മാനിച്ചു. ചലച്ചിത്ര താരവും കൈരളി ടിവി ചെയർമാനുമായ മമ്മൂട്ടി, കൈരളി ടിവി എം.ഡി ജോൺ ബ്രിട്ടാസ് എം.പി എന്നിവർ സംബന്ധിച്ചു.
മണ്ണത്തൂർ നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമോൻ യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ തെക്കൻ പിറമാടത്തിൽ കെ.പി ജോണിൻ്റെയും ചിന്നമ്മയുടെയും മൂത്തമകനാണ് ജെബി. മാതാപിതാക്കളുടെ സ്മരണാർത്ഥം കോൽക്കുന്നേൽ ജോൺ, ചിന്നമ്മ ഫൗണ്ടേഷൻ എന്നിവയിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കോവിഡ്, പ്രളയം, വയനാട് ദുരന്ത മേഖലകളിൽ അടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർത്തു.
പ്രവാസലോകത്തെ സാമൂഹിക സാംസ്കാരിക സേവനരംഗത്തും ജെബിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആറു വർഷക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് 1999 ൽ ദോഹയിൽ എത്തിയത്. 2008 ഖത്തർ ടെക് എന്ന കമ്പനിക്ക് തുടക്കം കുറിച്ചു. പതിനേഴ് വർഷങ്ങളിലായി ഖത്തറിലെ അഭിമാനകരമായ നിരവധി പ്രോജക്റ്റുകളിൽ ഖത്തർ ടെക് വിശ്വസനീയമായ പങ്കാളികളാണ്. മംഗളം പുരസ്കാരത്തിനും അദ്ദേഹം അർഹനായിട്ടുണ്ട്. ആശ ജെബി ഭാര്യയും എൽദോസ് ജെബി, ജീസ് ജെബി എന്നിവർ മക്കളാണ്.
