പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ വൈദികരുടെയും ദൈവാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ‘ജെ.എസ്.ഒ. ചർച്ച് ഡയറക്ടറി’ (JSO Church Directory) എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു. അഖില മലങ്കര വൈദികസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ ആപ്ലിക്കേഷൻ, വൈദിക സംഘം മുൻപ് പുസ്തകരൂപത്തിൽ പുറത്തിറക്കിയ ഡയറക്ടറിയുടെ നവീകരിച്ച ഡിജിറ്റൽ പതിപ്പാണ്.
അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, റമ്പാന്മാർ, കോറെപ്പിസ്കോപ്പമാർ, വൈദികർ, ശെമ്മാശന്മാർ എന്നിവരുടെ ഫോൺ നമ്പറുകളും ലഭ്യമായ മറ്റ് പ്രധാന വിവരങ്ങളും ഇതിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഭദ്രാസനങ്ങളെ അടിസ്ഥാനമാക്കി സഭയിലെ എല്ലാ ദൈവാലയങ്ങളുടെയും പൂർണ്ണ വിവരങ്ങളും അവിടെ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്.
ആവശ്യങ്ങൾക്കായി സഭാവിശ്വാസികൾക്ക് വൈദികരെ ഫോണിലൂടെ നേരിട്ട് ബന്ധപ്പെടാൻ ഈ ആപ്ലിക്കേഷൻ അവസരം നൽകുന്നു. കൂടാതെ, വിദേശത്തേക്കോ ഇന്ത്യയിലെ ഇതര ഭാഗങ്ങളിലേക്കോ യാത്ര ചെയ്യുന്നവർക്ക് അടുത്തുള്ള ദൈവാലയം കണ്ടെത്തുവാനും, അവിടുത്തെ വികാരിയുമായി ബന്ധപ്പെടുവാനും ഈ ആപ്ലിക്കേഷൻ ഏറ്റവും ലളിതമായ മാർഗമായിത്തീരുമെന്നത് ശ്രദ്ധേയമാണ്. പഠനാവശ്യങ്ങളെ തുടർന്ന് നാടുവിട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്കും ആരാധനകളിൽ സംബന്ധിക്കാനായി വൈദികരെ ബന്ധപ്പെട്ട് മാർഗനിർദ്ദേശം തേടുന്നതിനും ഈ സംവിധാനം ഏറെ പ്രയോജനകരമാകും.
ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ സൗജന്യമായി
ആപ്ലിക്കേഷൻ ലഭ്യമാണ്.
ഇൻസ്റ്റാൾ ചെയ്യേണ്ട വിധം:
പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ വഴി JSO Church Directory എന്ന് തിരഞ്ഞ് ഡൗൺലോഡ് ചെയ്യുകയോ, താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നേരിട്ട് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാം.
Android: https://play.google.com/store/apps/details?id=com.app.jsochurch
iOS: https://apps.apple.com/in/app/jso-church-directory/id6749603965
വിശ്വാസികൾ ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും, അതുവഴി സഭയിലെ പുരോഹിതന്മാരും വിശ്വാസികളും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്താൻ കഴിയുമെന്നും അഖില മലങ്കര വൈദിക സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് അറിയിച്ചു.
