റിഗ (ലാത്വിയ) ● റഷ്യയുടെ സമീപ രാജ്യങ്ങളായ ബാൾട്ടിക് രാജ്യങ്ങളിൽപ്പെടുന്ന ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചത് ചരിത്ര നിമിഷമായി. യൂറോപ്പ് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ ആശീർവാദത്തോടെ ലാത്വിയയിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാ സമൂഹത്തിന്റെ ആദ്യ വിശുദ്ധ കുർബ്ബാന റിഗയിലെ അസംപ്ഷൻ ഓഫ് മദർ മേരി കത്തോലിക്കാ പളളിയിൽ വന്ദ്യ ജോഷ്വാ റമ്പാൻ അർപ്പിച്ചു.
ലാത്വിയൻ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളും, ലിത്വാനിയയിൽ നിന്നെത്തിയ വിശ്വാസികളും ആരാധനയിൽ പങ്കെടുത്തു. വിശുദ്ധ കുർബ്ബാനക്ക് ശേഷം യുവതി, യുവാക്കളുടെ സംഗമവും നടന്നു. കൂട്ടായ്മയുടെയും ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ആവേശകരമായ തുടക്കമായിരുന്നു ഈ ഒത്തുചേരൽ.
വന്ദ്യ റമ്പാച്ചന്റെ നേതൃത്വത്തിൽ വിയന്നയിൽ നിന്നെത്തിയ കൗൺസിൽ പ്രതിനിധികൾ ലാത്വിയയിലെ ആർച്ച് ബിഷപ്പ് ഡോ. സ്ബിഗ്നെവ്സ് സ്റ്റാൻകെവിച്സിനെ സന്ദർശിച്ച് അനുഗ്രഹം തേടി. യൂറോപ്പ് ഭദ്രാസന കൗൺസിൽ അംഗങ്ങളായ കമാൻഡർ ജോർജ് പടിക്കക്കുടി, ജോൺസൺ ചേലപ്പുറത്ത്, ലാത്വിയൻ സമൂഹത്തെ പ്രതിനിധീകരിച്ച് ജിതു മാത്യു, ബേസിൽ സിജോ എന്നിവരടങ്ങിയ സംഘമാണ് ബിഷപ്പിനെ സന്ദർശിച്ചത്.
ഇന്ത്യൻ വിദ്യാർത്ഥികൾ പ്രകടിപ്പിക്കുന്ന ആത്മീയ താൽപര്യത്തെ ആർച്ച് ബിഷപ്പ് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അയ്യായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ലാത്വിയയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നുണ്ടെന്നും, അവർക്ക് ആവശ്യമായ ആത്മീയ ശുശ്രൂഷകൾ നൽകേണ്ടത് സഭയുടെ പ്രധാന ദൗത്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അസംപ്ഷൻ ഓഫ് ദി മദർ മേരി പളളിയുടെ വികാരി ഫാ. എമിൽ ആരാധനയ്ക്കായി പളളി തുറന്ന് നൽകിയതിലൂടെ രണ്ടു സഭകൾക്കും ഇടയിൽ ആത്മീയ സൗഹൃദം ശക്തിപ്പെട്ടു.
ആരാധനയുടെ സൗന്ദര്യമായ ഗായക സംഘത്തിനു അലൻ തോമസ്, മീനു, ലിറ്റി എന്നിവർ നേതൃത്വം നൽകി. പഠനത്തിനും ജോലിക്കുമായി രാജ്യത്തെത്തിയ യുവതി, യുവാക്കളെ സഭയോട് ചേർത്ത്
നിർത്താൻ ലക്ഷ്യമിട്ടുള്ള ഈ ആത്മീയ കൂട്ടായ്മ, ലാത്വിയയിലെയും ലിത്വാനിയ, എസ്തോണിയ തുടങ്ങിയ സമീപ രാജ്യങ്ങളിലെയും വിശ്വാസികൾക്ക് ശക്തിയും പ്രത്യാശയും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


