കോതമംഗലം ● കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ വൃശ്ചികം 3 പെരുന്നാളും 100-ാമത് ശിലാസ്ഥാപന പെരുന്നാളും നവംബർ 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ കൊണ്ടാടും.
ഇന്ന് (നവംബർ 14 വെള്ളി) രാവിലെ 7:15-ന് പ്രഭാത പ്രാർത്ഥനയും, 8 മണിക്ക് താഴത്തെ കുരിശു പള്ളിയിൽ മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത വി.കുർബ്ബാന അർപ്പിക്കും. തുടർന്ന് കുരിശുപള്ളിയിലും പള്ളിയിലും കൊടിയേറ്റ് നിർവഹിക്കും.
നാളെ (നവംബർ 15 ശനി) രാവിലെ 7:15-ന് പ്രഭാത പ്രാർത്ഥന, 8 മണിക്ക് ഫാ. ബാബു വർഗീസ് പാലപ്പിള്ളി വി. കുർബ്ബാന അർപ്പിക്കും. വൈകിട്ട് 6.15-ന് സന്ധ്യാ പ്രാർത്ഥനയ്ക്കും പ്രസംഗത്തിനും മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് കവളങ്ങാട് മോർ ഗ്രീഗോറിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണം നടക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ നവംബർ 16 ഞായർ രാവിലെ 7-ന് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാനയും നടക്കും. തുടർന്ന് സ്ലീബ എഴുന്നുള്ളിപ്പ്, മോർ ബസേലിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും.
1925-ൽ സ്ഥാപിതമായ ഈ പള്ളി 100-ാമത് വാർഷികത്തിന്റെ ഭാഗമായി ഭവന നിർമ്മാണം, വിവാഹ സഹായം, ചികിത്സാ സഹായം, ഡയാലിസിസ് കൂപ്പൺ വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. പള്ളിയുടെ കീഴിൽ സെന്റ് ജോൺസ് ലോവർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് ജോൺസ് ഓഡിറ്റോറിയം എന്നിവ പ്രവർത്തിക്കുന്നു. 2026 ജനുവരി 7-ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കാർമികത്വത്തിൽ നടക്കുന്ന വി. കുർബ്ബാന അർപ്പണത്തോടെയും പൊതു സമ്മേളനത്തോടെയും ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനമാകും.
വികാരി ഫാ. ബേബി മംഗലത്ത്, ട്രസ്റ്റിമാരായ പി.കെ വർഗ്ഗീസ് പുന്നേലിൽ, എൽദോസ് കുര്യാക്കോസ്, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഭക്തസംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
