ദൈവനിയോഗ വഴികളിലൂടെ ശ്രേഷ്ഠതയോടെ സഞ്ചരിച്ച ഒരു ജീവിതമാണ് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടേത്. 1960 നവംബർ 10-ന് പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് കൊച്ചുതിരുമേനിയുടെ നാലാം തലമുറക്കാരനായി ജനിച്ച ശ്രേഷ്ഠ പിതാവിൻ്റെ ജീവിതം ദൈവനിയോഗമായിരുന്നു.
13-ാം വയസ്സിൽ, 1974 മാർച്ച് 25-ന് ശെമ്മാശനായി വൈദികവൃദ്ധിയിൽ പ്രവേശിച്ചുകൊണ്ട് സഭാശുശ്രൂഷയ്ക്ക് തുടക്കമിട്ടു. തുടർന്ന് 1984 മാർച്ച് 25-ന് കശ്ശീശാ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
1994 ജനുവരി 16-ന് 33-ാം വയസ്സിൽ, ഡമാസ്കസിൽ വെച്ച് മോർ ഗ്രിഗോറിയോസ് എന്ന നാമത്തിൽ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.
തുടർന്നിങ്ങോട്ട്, മൂന്നു . പതിറ്റാണ്ടിലേറെക്കാലം കൊച്ചി ഭദ്രാസനത്തിൽ അജപാലന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ സേവനം സഭയുടെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്. ഇതിനോടൊപ്പം, 18 വർഷക്കാലം സുന്നഹദോസ് സെക്രട്ടറി, സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി, കാതോലിക്കോസ് അസിസ്റ്റൻ്റ് എന്നീ സുപ്രധാന സ്ഥാനങ്ങളിലും തിരുമേനി പ്രശോഭിച്ചു.
തിരുമേനിയുടെ ആത്മീയ നേതൃത്വത്തിനുള്ള അംഗീകാരമായി, 2025 മാർച്ച് 25-ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയാൽ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി വാഴിക്കപ്പെട്ടു. ഇതോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് ആരംഭം കുറിച്ചു. പ്രതിസന്ധികളിൽ തളരാതെ, സമാധാനത്തിൻ്റെ സന്ദേശവാഹകനായി വിശ്വാസസമൂഹത്തെ ചേർത്തുനിർത്തിക്കൊണ്ട് മുന്നോട്ട് നയിക്കുന്ന ശ്രേഷ്ഠ പിതാവ്, സഭയുടെ ഭാവിക്ക് പ്രത്യാശ നൽകുന്നു.
“സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ” എന്ന വിശുദ്ധഗ്രന്ഥ വചനം ശ്രേഷ്ഠ കാതോലിക്ക ബാവായുടെ ജീവിതത്തിൽ അന്വർത്ഥമാകുന്നു. ബാവായുടെ ഓരോ ചലനത്തിലും സൗമ്യതയുടെയും, ആർദ്രതയുടെയും, കരുണയുടെയും പ്രതിഫലനം നമുക്ക് കാണാം. അചഞ്ചലമായ വിശ്വാസത്തോടെയുള്ള ഈ സ്നേഹമനസ്സ് സഭയ്ക്കും, വിശാലമായ സമൂഹത്തിനും എന്നും ഒരു വലിയ അനുഗ്രഹമായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
ശ്രേഷ്ഠ ബാവായ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി, സഭയെ ദീർഘകാലം ശ്രേഷ്ഠമായി നയിക്കുവാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
എഡിറ്റോറിയൽ ബോർഡ്,
ജെ.എസ്.സി ന്യൂസ്
G4, പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
