പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ 65-ാം ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. തൻ്റെ മുൻഗാമിയായ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ പീലക്സിനോസ് സഖറിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ്, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ അത്മായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും വർക്കിംഗ്, മാനേജിംഗ് കമ്മറ്റിയംഗങ്ങളും വൈദികരും വിശ്വാസികളും സംബന്ധിച്ചു.
തുടർന്ന് ലളിതമായ ചടങ്ങുകളോടെ കേക്ക് മുറിച്ച് ജന്മദിനാഘോഷം നടന്നു. സഭാ ഭാരവാഹികൾ ചേർന്ന് ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹോപഹാരം സമർപ്പിച്ചു. ജന്മദിനത്തോടനുബന്ധിച്ച് പതിവുപോലെ ഈ വർഷവും ശ്രേഷ്ഠ ബാവാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. വിവിധയിടങ്ങളിൽ നിർമിച്ചു നൽകുന്ന ഭവനങ്ങൾക്ക് ബാവ ശിലാസ്ഥാപനം നടത്തും.
ഇന്ന് വൈകിട്ട് 3.30-ന് ലഹരിയുടെ വിപത്തിൽ നിന്ന് സമൂഹത്തിന് മോചനം നൽകുക എന്ന ലക്ഷ്യത്തോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നം വട്ടപ്പാറയിൽ ‘ഹോപ്പ്’ എന്ന പേരിൽ തുടങ്ങുന്ന ലഹരി വിമോചന കേന്ദ്രം ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമികത്വത്തിൽ കൂദാശ ചെയ്യും.













