മൂവാറ്റുപുഴ ● വാഴപ്പിള്ളി മോർ ഫീലക്സിനോസ് മാബൂഗ് ദയറായുടെ കൂദാശയുടെ സമാപന ഘട്ടം ഇന്ന് (നവംബർ 9 ഞായർ) വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിക്കും. അഭിവന്ദ്യരായ മോർ ദിവന്നാസിയോസ് ഇസ, മോർ ഈവാനിയോസ് മാത്യൂസ്, മോർ അത്താനാസിയോസ് ഗീവർഗീസ്, മോർ അഫ്രേം മാത്യൂസ്, ഡോ. മോർ അന്തീമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സഹ കാർമികത്വം വഹിക്കും.
പരിശുദ്ധ സുറിയാനി സഭയിലെ രക്തസാക്ഷിയായ മാബൂഗിലെ മോർ ഫീലക്സിനോസിന്റെ നാമത്തിൽ സ്ഥാപിതമാകുന്ന ആദ്യ ദയറയാണിത്. വന്ദ്യ ഗബ്രിയേൽ റമ്പാച്ചന്റെ ആത്മീയ നേതൃത്വത്തിലാണ് ദയറായുടെ നിർമ്മാണം പൂർത്തിയായത്.
എ.ഡി. 450-ൽ ജനിച്ച് എ.ഡി. 523-ൽ രക്തസാക്ഷിയായ മാബൂഗിലെ മോർ ഫീലക്സിനോസ് ഗ്രീക്ക്, സുറിയാനി ഭാഷകളിൽ പ്രഗാഢ പാണ്ഡിത്യമാർജിച്ചിരുന്ന വിശുദ്ധനായിരുന്നു. എ.ഡി 485-ൽ പത്രോസ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ മോർ ഫിലക്സിനോസ് എന്ന പേരിൽ മാബൂഗിലെ മെത്രാപ്പോലീത്തയായി നിയമിച്ചു. അന്ത്യോഖ്യാ പാത്രിയർക്കീസായ മോർ സേവേറിയോസ് ബാവയുടെ മുഖ്യ വക്താവായും സുറിയാനി സഭയിലെ ഏഴ് നേരത്തെ രഹസ്യപ്രാർത്ഥനകളുടെ രചയിതാവായും അദ്ദേഹം പ്രസിദ്ധനാണ്. മോർ ഫീലക്സിനോസിൻ്റെ 170 ലധികം എഴുത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൽക്കദൂന്യരുടെ വിരുദ്ധോപദേശത്തെ ക്കുറിച്ചും, സന്യാസജീവിതത്തെക്കുറിച്ചും, ജഡധാരണത്തെക്കുറിച്ചും ആണ്ടടക്കമുള്ള പ്രസംഗങ്ങൾ, മൂന്നു വി. കുർബ്ബാന തക്സാ കൾ, യാമപ്രാർത്ഥനകൾ എന്നിവ അവയിൽ ഉൾപ്പെടുന്നു.
യുസ്തിനോസ് ചക്രവർത്തിയുടെ പീഡനകാലത്ത് വിശുദ്ധനെ ഒരു മുറിയിൽ പൂട്ടി കതകുകളും ജനലുകളും അടച്ച് പുക അകത്തു കയറ്റി ശ്വാസം മുട്ടിച്ചാണ് രക്തസാക്ഷിയാക്കിയത്. “ഹോനാവ് ത്രോണോസ് ദമ്റോവ് നൂറോദ് ഹായെ” — “ഇത് കുഞ്ഞാടിന്റെ സിംഹാസനവും ജീവന്റെ അഗ്നിയുമാകുന്നു” എന്ന ബലിപീഠത്തെക്കുറിച്ചുള്ള മോർ ഫീലക്സിനോസ് മാബൂഗിൻ്റെ വാക്കുകൾ ഇന്നും സഭയിലെ വിശ്വാസജീവിതത്തെ പ്രചോദിപ്പിക്കുന്നു.
അഭിവന്ദ്യ മോർ ഫീലക്സിനോസ് മാബൂഗ് ദയറായുടെ മൂറോൻ കൂദാശയുടെ ഒന്നാംഘട്ട കൂദാശ അഭിവന്ദ്യ മോർ ദിവന്നാസിയോസ് ഇസ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയും റമ്പാന്മാരും വൈദികരും സഹകാർമികത്വം വഹിച്ചു. അനേകം വിശ്വാസികൾ സംബന്ധിച്ചു.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
