തൂത്തൂട്ടി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാന കേന്ദ്രത്തിന് കീഴിലുള്ള സ്ഥാപനങ്ങളായ കനാൻ റിട്ടയർമെന്റ് ഹോം, പ്രീമിയം ഹോം ഹെൽത്ത് കെയർ സർവീസ് എന്നിവയുടെയും, റിട്രീറ്റ് സെന്ററിലെ നവീകരിച്ച റിസെപ്ഷൻ, ബാക്ക് ഓഫീസ് എന്നിവയുടെയും സംയുക്ത ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് നിർവഹിച്ചു.
കൂടാതെ, തമിഴ്നാട്ടിലെ പന്നയപുരത്ത് നിർമ്മിച്ച മിഷൻ സെന്ററിന്റെ കൂദാശയും, നിർധനരായ രോഗികളെ താമസിപ്പിക്കുന്നതിനുള്ള അഭയഭവന്റെ ശിലാസ്ഥാപനവും ശ്രേഷ്ഠ കാതോലിക്ക ബാവ നിർവഹിച്ചു. നവീകരിച്ച ഓഫീസ് സമുച്ചയം ശ്രേഷ്ഠ ബാവ ആശീർവദിച്ചു. വയോധികർക്കും രോഗികൾക്കും ആത്മീയവും മാനസികവുമായ ആശ്വാസം പകരുന്ന സേവന കേന്ദ്രങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ശ്രേഷ്ഠ ബാവ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ റിട്രീറ്റ് ഡയറക്ടറുമായ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത, വന്ദ്യ റമ്പാന്മാർ, വൈദികർ, സിസ്റ്റേഴ്സ്, വിശ്വാസികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.












