ആരക്കുന്നം ● ലഹരിയുടെ വിപത്തിൽ നിന്ന് സമൂഹത്തിന് മോചനം നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നം വട്ടപ്പാറയിൽ
‘ഹോപ്പ്’ (HOPE) എന്ന പേരിൽ ലഹരി വിമോചന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ആത്മീയ നേതൃത്വത്തിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. ശ്രേഷ്ഠ ബാവ പ്രസിഡന്റ് ആയുള്ള ഈ സ്ഥാപനം ലഹരി വിമോചന ചികിത്സകൾക്ക് പുറമെ മദ്യപാനത്തിൽ നിന്നും വിമോചനം പ്രാപിച്ചവരുടെ കൂട്ടായ്മ (AA), വിദഗ്ദ്ധ കൗൺസിലിംഗ്, സെമിനാറുകൾ, ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഹ്രസ്വകാല കോഴ്സുകൾ തുടങ്ങിയ വിവിധ പദ്ധതികൾ ലക്ഷ്യമിടുന്നു.
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ ജന്മദിനമായ നവംബർ 10-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 3.30-ന് സ്ഥാപനം കൂദാശ ചെയ്ത് സഭയ്ക്കും സമൂഹത്തിനുമായി നൽകും. ശ്രേഷ്ഠ ബാവായോടൊപ്പം സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരും, വൈദികരും, സഭാ ഭാരവാഹികളും, വർക്കിംഗ്-മാനേജിംഗ് കമ്മറ്റിയംഗങ്ങളും, രാഷ്ട്രീയ പ്രമുഖരും, വിശ്വാസികളും കൂദാശയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും.
പ്രമുഖ പ്രഭാഷകനും, എഴുത്തുകാരനും, സംസ്കാരിക നായകനുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രധാന സന്ദേശം നൽകും. ശ്രീ. അനൂപ് ജേക്കബ് എം.എൽ.എ, എടയ്ക്കാട്ടുവയല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആര്. ജയകുമാര്‍, ജസ്റ്റിസ് നാരായണക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിക്കും.
സ്ഥാപനത്തിൽ ഒരേസമയം ഇരുപതോളം പേർക്ക് താമസിച്ച് ചികിത്സയും പുനരധിവാസ സൗകര്യങ്ങളും ലഭ്യമാക്കാനുള്ള ക്രമീകരണം പൂർത്തിയായിട്ടുണ്ട്. സമാധാനപരമായ അന്തരീക്ഷം, ആത്മീയ പരിശീലനം, കൗൺസിലിംഗ് സഹായം, ഗ്രൂപ്പ് ആക്റ്റിവിറ്റികൾ എന്നിവയിലൂടെ രോഗികൾക്ക് ആത്മവിശ്വാസവും ജീവിതത്തിൽ ഒരു പുതിയ ദിശാബോധവും നൽകുക എന്നതാണ് ‘ഹോപ്പ്’ കേന്ദ്രത്തിൻ്റെ പരമമായ ലക്ഷ്യം.
പരിപാടികൾക്ക് ‘ഹോപ്പിന്റെ’ വൈസ് പ്രസിഡൻ്റ് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. സ്ഥാപനത്തിൻ്റെ കോർഡിനേറ്ററായി
ഫാ. അതുൽ ചെറിയാൻ കുമ്പളംപുഴയിലിനെ ശ്രേഷ്ഠ ബാവ ചുമതലപ്പെടുത്തിയിട്ടുണ്ട്.

