നവംബർ 6 – മലങ്കരയിലെ ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ വയലിപ്പറമ്പിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തിട്ട് 59 വർഷം പൂർത്തിയാകുന്നു.
കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുൻഗാമിയായി അങ്കമാലി ഭദ്രാസനത്തിൻ്റെ അമരക്കാരനായിരുന്ന തിരുമേനി നെടുമ്പാശ്ശേരിയിലെ പ്രശസ്തവും പുരാതനവുമായ വയലിപ്പറമ്പിൽ കുടുംബത്തിൽ പൈനാടത്ത് തോമയുടെയും ശോശാമ്മയുടെയും മകനായി 1899 ജൂലൈ 17-ന് ഭൂജാതനായി.
അങ്കമാലി ഭദ്രാസനത്തിന് പുറമേ നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ ചുമതല കൂടി തിരുമേനി നിർവ്വഹിച്ചിട്ടുണ്ട്. ആലുവായിലെ പരിശുദ്ധ മോർ അത്താനാസിയോസ് വലിയ തിരുമേനിയിൽ നിന്ന് 1931 ഏപ്രിൽ 2 ന് കോറൂയോ പട്ടവും 1936-ൽ കശീശ്ശ പട്ടവും സ്വീകരിച്ചു. തുടർന്ന് സിംഗപ്പൂർ, കോലാലമ്പൂർ, സിലോൺ തുടങ്ങിയ സ്ഥലങ്ങളിൽ സുവിശേഷ പര്യടനം നടത്തുകയും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇടവകകൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. 1944ൽ മദ്രാസിൽ നിന്ന് എൽ.റ്റി പാസായി. തുടർന്ന് നെടുമ്പാശ്ശേരി സ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു.
അകപ്പറമ്പ് പള്ളി ഇടവകയിൽ വികാരിയായി സേവനം അനുഷ്ഠിക്കുമ്പോൾ 1945-ൽ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ കൂടിയ അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷയോഗം അദ്ദേഹത്തെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1946 ആഗസ്റ്റ് 4-ന് ഹോംസിൽ വെച്ച് പരിശുദ്ധ അഫ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവ ‘മോർ ഗ്രീഗോറിയോസ്’ എന്ന നാമധേയത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. കൊച്ചി ഭദ്രാസനത്തിനായി അഭിവന്ദ്യ പൗലോസ് മോർ സേവേറിയോസ് തിരുമേനിയും അദ്ദേഹത്തിന്റെ കൂടെ വാഴിക്കപ്പെട്ടു. തുടർന്ന് പരിശുദ്ധ വലിയ തിരുമേനിയുടെ കീഴിൽ അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി പ്രവർത്തിച്ചു. 1953 ൽ വലിയ തിരുമേനി കാലം ചെയ്തതിനെ തുടർന്ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതലയേറ്റു.
അഭി. തിരുമേനി അനേകം ദൈവാലയങ്ങൾ ഹൈറേഞ്ചിൽ ഉൾപ്പെടെ സ്ഥാപിക്കുകയും, ആലുവ തൃക്കുന്നത്ത് സെമിനാരി നവീകരിക്കുകയും, കോതമംഗലം എൻജിയറിംഗ് കോളേജ്, നെടുമ്പാശ്ശേരി ഹൈസ്കൂൾ തുടങ്ങിയവ സ്ഥാപിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു. ഇടയ ലേഖനങ്ങൾ വഴി പള്ളികളുടെ ഭരണകാര്യങ്ങളിലും, ആത്മീയ കാര്യങ്ങളിലും പല പരിഷ്കാരങ്ങളും നടപ്പിൽ വരുത്തി. വൈദികരുടെ സ്ഥലം മാറ്റം, ശമ്പള പദ്ധതി എന്നിവ നടപ്പിലാക്കി. ഭദ്രാസനത്തെ ഒരു മാതൃകാ ഭദ്രാസനമാകുവാൻ തിരുമേനി കഠിന പ്രയത്നം ചെയ്തു.
മലങ്കരയിലെ ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന തിരുമേനി സഭയെ സത്യവിശ്വാസത്തിൽ ഉറപ്പിച്ച് നിർത്തി. ബഹുമുഖ പ്രതിഭയായിരുന്ന തിരുമേനിയുടെ കരുത്തുറ്റ തീരുമാനങ്ങളും, കർമ്മ ധീരതയും പ്രസിദ്ധമാണ്. സഭയുടെ വാർത്തകൾ യഥാസമയം വിശ്വാസികളെ അറിയിക്കുന്നതിന് ‘സഭാചന്ദ്രിക’ എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു.
സഭാ സമാധാനത്തിൽ ആഗ്രഹിച്ചിരുന്ന തിരുമേനി 1958-ലെ സഭാ സമാധാനത്തിന് സുപ്രധാന പങ്ക് വഹിച്ചു. 1964-ൽ അഭിവന്ദ്യ ഔഗേൻ മോർ തീമോത്തിയോസ് തിരുമേനിയെ പരിശുദ്ധ പാത്രിയർക്കീസ് ബാവ കാതോലിക്കായി മലങ്കരയിൽ വച്ച് വാഴിച്ചതിന്റെ പിന്നിലും തിരുമേനിയുടെ ശക്തമായ കരങ്ങൾ ഉണ്ടായിരുന്നു. വൈദികനായിരുന്നപ്പോൾ തന്നെ സൺഡേ സ്കൂൾ പ്രസ്ഥാനത്തെ വളർത്തുകയും, സൺഡേസ്കൂൾ വിദ്യാഭ്യാസം നിർബന്ധമാക്കുകയും, വിവാഹ കുറിയോടൊപ്പം സൺഡേ സ്കൂൾ സർട്ടിഫിക്കറ്റ് വേണമെന്നു കൽപ്പന ഇറക്കുകയും ചെയ്തു.
ഓമല്ലൂർ ബാവയുടെ ജീവചരിത്രം, അധ്യാപക സഹായി, ചോദ്യോത്തരം ഏഴ് ഭാഗങ്ങൾ, കുമ്പസാര ക്രമം, പാപിയുടെ ആശുപത്രി, പാപിയുടെ സ്നേഹിതൻ, വി. യൗസേഫിൻ്റെ ജീവചരിത്രം, ശീമയാത്ര മുതലായ ഗ്രന്ഥങ്ങൾ തിരുമേനി രചിച്ചിട്ടുണ്ട്.
1966 ജൂലൈ 6-ന് തിരുമേനി ആലുവയിൽ നിന്ന് യാത്ര തിരിച്ച് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് നവംബർ 5-ന് നാട്ടിൽ തിരിച്ചെത്തി. അന്ന് ഭദ്രാസനത്തിലെ പള്ളികൾ ചേർന്ന് ഒരു രാജകീയ സ്വീകരണമാണ് തിരുമേനിക്ക് നൽകിയത്. പിറ്റേദിവസം 1966 നവംബർ 6-ന് രാവിലെ തികച്ചും ആകസ്മികമായി തിരുമേനി കാലം ചെയ്തു. ഏഴാം തീയതി തന്റെ മുൻഗാമികളുടെ കബറിനോട് ചേർന്ന് ആലുവ തൃക്കുന്നത്ത് സെമിനാരി ചാപ്പലിൽ കബറടക്കം നടന്നു.
ധീരനും, കർമ്മനിരതനും, കരുത്തുറ്റ ഭരണകർത്താവുമായിരുന്ന വയലിപ്പറമ്പിൽ തിരുമേനിയുടെ ദേഹവിയോഗം സഭയ്ക്കും വിശിഷ്യാ അങ്കമാലി ഭദ്രാസനത്തിനും, വലിയൊരു നഷ്ടം തന്നെയായിരുന്നു.
