കട്ടപ്പന ● മനുഷ്യരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള നിയമങ്ങളാണ് സമൂഹത്തിൽ നിലനിൽക്കേണ്ടതെന്നും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം അനിവാര്യമാണെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
ഇടുക്കി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന അനുമോദന സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജനകീയ സർക്കാരുകൾക്ക് സാധിക്കാതെ വരുമ്പോൾ, സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.
വന്യമൃഗങ്ങളുടെ ആക്രമണം, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ, നിയമപരമായ തടസ്സങ്ങൾ തുടങ്ങിയവ കാർഷിക മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കുന്നുണ്ട്. ഈ വലിയ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ബാവ അഭിപ്രായപ്പെട്ടു.
എല്ലാവരും പരസ്പരം സ്നേഹിക്കുകയും ആദരവോടെ പരസ്പരം കാണുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ മനുഷ്യസമൂഹം സൃഷ്ടിക്കപ്പെടുന്നത്. വിഭാഗീയതയിലും ഭിന്നതയിലും അല്ല, നന്മയുള്ള മനുഷ്യരുടെ കൂട്ടായ്മയിലാണ് വിജയത്തിന്റെ അടിത്തറയെന്ന് ശ്രേഷ്ഠ ബാവ പ്രസ്താവിച്ചു.
ഇടുക്കി ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നും എത്തിയ നൂറുകണക്കിന് വിശ്വാസികളുടെ സാനിധ്യത്തിലായിരുന്നു കട്ടപ്പനയിൽ ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണം നൽകിയത്. അനുമോദന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല രൂപതാധ്യക്ഷൻ അഭിവന്ദ്യ തോമസ് മോർ കുറിലോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി. ഭദ്രാസന കൗൺസിലിന് വേണ്ടി വന്ദ്യ ജോൺ വർഗീസ് കോറെപ്പിസ്കോപ്പ പഞ്ഞിക്കാട്ടിൽ ബാവായെ സ്വീകരിച്ചു. ഡീൻ കുര്യാക്കോസ് എം.പി, നഗര സഭാധ്യക്ഷ ബീന ടോമി, മോൺ. എബ്രഹാം പുറയാറ്റ്, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ബിജു മാധവൻ, യൂസഫ് അൽകൗസരി, കെ.വി. വിശ്വനാഥൻ, സാജൻ ജോർജ്, വന്ദ്യ ജോൺ വർഗീസ് കോറെപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു. സ്കൂൾ കവലയിൽ എത്തിയ ബാവായെ സ്വീകരിച്ച് ഇരുചക്ര വാഹനങ്ങളുടെയടക്കം അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് പള്ളിയിലേക്ക് ആനയിച്ചത്.




