കിഴക്കമ്പലം ● ദൈവാലയത്തിന്റെ മതിൽക്കെട്ടിനകത്ത് ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല ഇടവക ശുശ്രൂഷ. അത് ക്രൈസ്തവ ദൗത്യമായി ജനങ്ങളുടെ ജീവിതത്തിലേക്കും സമൂഹത്തിലേക്കും വ്യാപിക്കേണ്ടതാണെന്ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഓർമ്മപ്പെടുത്തി. സഭ സമൂഹത്തിൽ നല്ല സാക്ഷ്യം നൽകുന്ന ഒരു പ്രബുദ്ധ സമൂഹമായി നിലകൊള്ളേണ്ടതിന്റെ പ്രാധാന്യവും ബാവ വ്യക്തമാക്കുകയും ചെയ്തു.
പെരുമ്പാവൂർ മേഖലയിലെ ഊരക്കാട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സഭയിലേക്കോ ഇടവകകളിലേക്കോ വിഭാഗീയതയും രാഷ്ട്രീയ ചേരിതിരിവുകളും കടന്നുവരുന്നത് ഒരിക്കലും നല്ലതല്ല എന്ന് ബാവാ പറഞ്ഞു. അത്തരം പ്രവണതകൾ സഭയുടെ ആത്മീയതക്കും വിശ്വാസജീവിതത്തിനും ദോഷകരമാണെന്നും ബാവ നിരീക്ഷിച്ചു.
ക്രൈസ്തവ സമൂഹത്തിൽ വർധിച്ചു വരുന്ന വിഭാഗീയതകളും മതചിന്തകളുടെ കഠിനതയും ഇന്ന് സമൂഹജീവിതത്തെ ഗൗരവമായി സ്വാധീനിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ വിഭാഗീയതകളെയും മതഭേദങ്ങളെയും അതീതമായി, മനുഷ്യന്റെ സമഗ്ര നന്മയെ മുൻനിർത്തി ജീവിക്കാനുള്ള പ്രതിജ്ഞാബദ്ധത സമൂഹത്തിന് അനിവാര്യമാണ്. നല്ല മനുഷ്യനാകുക എന്നതാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും പ്രധാനം. ഒരു നല്ല മനുഷ്യനാകാതെ നല്ല ക്രൈസ്തവനാകാനാവില്ല. മതവിശ്വാസങ്ങൾ മനുഷ്യനെ നല്ലവനാക്കാൻ പര്യാപ്തമല്ലെങ്കിൽ, അത്തരം മതവിശ്വാസങ്ങളിൽ അർത്ഥമൊന്നുമില്ല എന്ന് ബാവാ ചൂണ്ടിക്കാട്ടി.
ദൈവാലയത്തിൽ എഴുന്നള്ളി എത്തിയ ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹോജ്ജ്വല വരവേൽപ്പാണ് ഇടവക നൽകിയത്. സ്വീകരണച്ചടങ്ങിൽ പള്ളിയുടെ വനിതാ സമാജം സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്ക ബാവ നിർവ്വഹിച്ചു. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭയുടെ ബിഷപ്പ് മാർ തോമസ് ചക്യേത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ഫാ. ഏലിയാസ് താണിമോളത്ത്, ബെന്നി ബഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുതേടൻ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. എൽദോസ് വെള്ളരിങ്ങൽ, ഫാ. ജോസഫ് തെക്കേക്കര, ഫാ. എൽദോസ് കാണിയാട്ട്, പഞ്ചായത്ത് അംഗം എൽദോ എൻ. പോൾ, വനിതാ സമാജം അഖില മലങ്കര സെക്രട്ടറി ശുഭാ ജോസഫ്, ട്രസ്റ്റിമാരായ സി.എം. പത്രോസ്, ബിജു ടി. ഏലിയാസ്, സെക്രട്ടറി സി.എ. പൗലോസ്, സമാജം സെക്രട്ടറി മിനി എൽദോസ് തുടങ്ങിയവർ സംസാരിച്ചു.
പരിശുദ്ധ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും 35-ാമത് തിരുശേഷിപ്പ് സ്ഥാപന വാർഷികവും ഭക്തി നിർഭരമായി സമാപിച്ചു. പെരുന്നാൾ സന്ധ്യാ നമസ്ക്കാരത്തിന് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. പ്രധാനപ്പെരുന്നാൾ ദിവസം നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.









