മണർകാട് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സഭയുടെ ഭാഗ്യ നക്ഷത്രവും ദൈവസന്നിധിയിൽ സഭയുടെ മാർഗ്ഗദർശിയുമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഭാഗ്യനക്ഷത്രമായി ഊർജം പകരുന്ന നാമവും മാനവുമായിരിക്കും ഭാഗ്യസ്മർണാർഹനായ തോമസ് പ്രഥമൻ ബാവായെന്ന് ശ്രേഷ്ഠ ബാവ അനുസ്മരിച്ചു.
ആഗേള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം സുറിയാനി കത്തീഡ്രലിൽ ചരിത്രമായ വിശുദ്ധ അൻപത്തിയൊന്നിന്മേൽ കുർബ്ബാന അർപ്പിച്ച് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെ അനുസ്മരിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവ.
വിശുദ്ധ അൻപത്തിയൊന്നിന്മേൽ കുർബ്ബാന ഭാഗ്യസ്മർണാർഹനായ ശ്രേഷ്ഠ തോമസ് പ്രഥമൻ ബാവായോടുള്ള സഭാ വിശ്വാസികളുടെ ആദരവും സ്നേഹസ്മരണയുമാണെന്നും ശ്രേഷ്ഠ ബാവായുടെ സമ്പന്നമായ ജീവിതം മുഴുവനും സഭയ്ക്ക് മാനവും അലങ്കാരവുമായിരുന്നെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസികളെ മുൻപിൽ നിന്ന് നയിച്ച ശ്രേഷ്ഠ ഇടയനായിരുന്നു ബാവ. അദ്ദേഹത്തിൻ്റെ സത്യവിശ്വാസ പോരാട്ടം സഭയുടെ അഖണ്ഡമായ ചരിത്രമാണ്. സത്യവിശ്വാസത്തിന്റെ തേരും തേരാളിയുമായിരുന്ന ബാവ സഭയുടെ ചരിത്രനിർമ്മിതിയിൽ നിർണായക പങ്ക് വഹിച്ചു.
അഞ്ചു പതിറ്റാണ്ടിലേറെക്കാലം സഭയെ നയിച്ചു. അഞ്ചലോട്ടക്കാരനായി ആരംഭിച്ച അദ്ദേഹം സുവിശേഷത്തിനായുള്ള ഓട്ടമാണ് ഓടിത്തികച്ചത്. അദ്ദേഹം വിതച്ച സുവിശേഷത്തിന്റെ വിത്തുകൾ നാനാദിശകളിലായി പടർന്നു പന്തലിച്ച് സഭയുടെ അലങ്കാരവും മാനവുമായിത്തീർന്നെന്നും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. മണർകാട് പള്ളിയുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന തോമസ് പ്രഥമൻ കാതോലിക്ക ബാവായ്ക്കു പരിശുദ്ധ അമ്മയുടെ നടയിൽ നൽകിയ ആദരവും സ്നേഹസമ്മാനവുമാണ് വിശുദ്ധ അൻപത്തിയൊന്നിന്മേൽ കുർബ്ബാനയെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
സഭകൾക്കിടയിൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നല്ല സാഹചര്യങ്ങൾ എല്ലായിടത്തും ഉണ്ടാകണം. നമ്മുടെ ദൈവാലയങ്ങളിൽ അസമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നവർ ദൈവത്തിന്റെ പക്ഷത്തല്ല നിലകൊള്ളുന്നത് എന്ന് സമൂഹം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, നീതിയുടെയും ദൈവത്തിന്റെയും പക്ഷത്തുനിന്ന് സഭാകാര്യങ്ങളിൽ നേതൃത്വം നൽകുന്നവർ ഇടപെടുകയും മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ, എല്ലാ ദിക്കുകളിലും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദൈവാനുഭവത്തിന്റെയും ദിനങ്ങൾ വന്നു ചേരുമെന്ന് ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചും 1974 മുതൽ 2024 വരെ സഭയെ നയിച്ചതിന്റെ ഓർമ്മ പുതുക്കിയും മണർകാട് കത്തീഡ്രലിൽ നടന്ന വിശുദ്ധ അൻപത്തിയൊന്നിന്മേൽ കുർബ്ബായ്ക്ക് പതിനായിരങ്ങൾ സംബന്ധിച്ചു. ഒരേസമയം അൻപത്തിയൊന്ന് കുർബ്ബാന അർപ്പിച്ചായിരുന്നു സഭാവിശ്വാസികൾ ബാവായുടെ ഓർമ്മ പുതുക്കിയത്.
കത്തീഡ്രലിന്റെ മുറ്റത്തൊരുക്കിയ താൽക്കാലിക മദ്ബഹയിൽ മുകൾനിരയിലെ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ബലിപീഠത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യകാർമികനായി. അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തമാരും താഴത്തെ നിരകളിൽ കോറെപ്പിസ്കോപ്പമാരും മണർകാട് കത്തീഡ്രലിലെ വൈദികരും സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, വൈദിക സംഘം സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് എന്നിവരും തീർഥാടനദേവാലയങ്ങളിലെയും കോട്ടയം ഭദ്രാസനത്തിലെയും വൈദികരും സഹകാർമികത്വം വഹിച്ചു.
താൽക്കാലിക മദ്ബഹ ഉൾക്കൊള്ളുന്ന പന്തലും പള്ളി പരിസരവും അതിരാവിലെ തന്നെ വിശ്വാസികളാൽ നിറഞ്ഞു. കത്തീഡ്രൽ പള്ളിയിൽ, പ്രഭാത പ്രാർഥനയ്ക്കും സുവിശേഷ വായനയ്ക്കും ശേഷം മരക്കുരിശിനും മെഴുകുതിരികൾക്കും പിന്നിലായി അംശവസ്ത്രധാരികളായ വൈദികരും മെത്രാപ്പോലീത്തമാരും ശ്രേഷ്ഠ ബാവായും താൽക്കാലിക മദ്ബഹയിലേക്കു പ്രദക്ഷിണമായി എത്തിയതോടെയാണ് വി. കുർബ്ബാന ആരംഭിച്ചത്.
വി. കുർബ്ബാന മധ്യേ പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാർത്ഥന, ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ അനുസ്മരിച്ചുള്ള പ്രത്യേക പ്രാർത്ഥന എന്നിവ നടന്നു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോവ് എന്നീ മെത്രാപ്പോലീത്തമാർ അനുസ്മരണ പ്രഭാഷണം നടത്തി.
കെ. കുര്യാക്കോസ് കിഴക്കേടത്ത് കോറെപ്പിസ്കോപ്പ, കുര്യാക്കോസ് കറുകയിൽ കോറെപ്പിസ്കോപ്പ, ജെ. മാത്യു മണവത്ത് കോറെപ്പിസ്കോപ്പ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ, ഫാ. ലിറ്റു തണ്ടാശേരിൽ, ഫാ.സനോജ് കരോട്ടെക്കുറ്റ്, കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല, കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പാണാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.







