മണർകാട് ● മലങ്കരയുടെ യാക്കോബ് ബുർദ്ധാന ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് നാളെ (നവംബർ 1 ശനിയാഴ്ച) ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന നടക്കും.
7:30-ന് കത്തീഡ്രലിൽ പ്രഭാതപ്രാർഥന ആരംഭിക്കും. ഏവൻഗേലിയോൻ വായനയ്ക്കു ശേഷം പ്രദക്ഷിണം (മുൻപിൽ മരക്കുരിശ്, മെഴുകുതിരികൾ എന്നിവയും ഇവയുടെ പിന്നിൽ കത്തീഡ്രൽ ട്രസ്റ്റിമാരും, സെക്രട്ടറി, തുടർന്നു അംശവസ്ത്രധാരികളായ വൈദികരും ഏറ്റവും പിന്നിൽ മെത്രാപ്പോലീത്തമാരും ശ്രേഷ്ഠബാവായും താൽക്കാലിക മദ്ബഹയിലേക്കു നീങ്ങും). 8.30-ന് ഒരുക്ക ശുശ്രൂഷയോടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാന നടക്കും.
അഭിവന്ദ്യരായ മോർ തീമോത്തിയോസ് തോമസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തമാർക്കൊപ്പം വന്ദ്യ കോറെപ്പിസ്കോപ്പമാരും, മണർകാട് കത്തീഡ്രലിലെ വൈദികരും, സഭാ വൈദിക ട്രസ്റ്റി ഫാ.റോയി ജോർജ് കട്ടച്ചിറ, വൈദിക സംഘം സെക്രട്ടറി ഫാ.ജോൺ ഐപ്പ് മങ്ങാട്ട്, തീർഥാടന ദൈവാലയങ്ങളിൽ നിന്നുള്ള വൈദികർ, കോട്ടയം ഭദ്രാസനത്തിലെ വൈദികർ എന്നിവരും സഹകാർമികത്വം വഹിക്കും. വി. മാതാവിനോടുള്ള മധ്യസ്ഥ പ്രാർഥന, കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെ അനുസ്മരിച്ച് ധൂപപ്രാർഥന, അനുസ്മരണ പ്രഭാഷണം, അഭിവന്ദ്യ മോർ തിമോത്തിയോസ് തോമസ് മെത്രാപ്പോലീത സമാപന സന്ദേശം നൽകും. തുടർന്ന് നേർച്ചയപ്പം വിതരണം നടക്കും.
പള്ളിയുടെ കിഴക്കേ മുറ്റത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വടവൃക്ഷത്തിന്റെ തണലിൽ ക്രമീകരിച്ച ജർമൻ മാതൃകയിലുള്ള പന്തലിലെ താൽക്കാലിക മദ്ബഹയിലാണ് വി. കുർബ്ബാന അർപ്പണം. താൽക്കാലിക മദ്ബഹയുടെയും ബലിപീഠത്തിന്റെയും കൂദാശ ഇന്നു നടന്നു. വൈകിട്ട് 5 -ന് സന്ധ്യാപ്രാർഥനയെ തുടർന്നാണ് കൂദാശച്ചടങ്ങുകൾക്ക് കോട്ടയം ഭദ്രാസനാധിപനും എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
നാലു നിരകളിലായി 51 ത്രോണോസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന ത്രോണോസ് വി. ദൈവമാതാവിന്റെയും, ഇരുവശങ്ങളിലുമുള്ളത് വിശുദ്ധന്മാരായ ഇഗ്നാത്തിയോസ് നൂറോനോ, കുറിയാക്കോസ് സഹദാ, ഗീവർഗീസ് സഹദാ, പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ, സൈഫോ രക്തസാക്ഷികൾ, സെബസ്ത്യയിൽ കൊല്ലപ്പെട്ട നാൽപതു സഹദേന്മാർ, ക്രിസ്തുവിന്റെ ജനനത്തിൽ കൊല്ലപ്പെട്ട ശിശു സഹദേന്മാർ എന്നിവരുടെ പേരിൽ താൽക്കാലികമായി കൂദാശ ചെയ്യപ്പെട്ട ത്രോണോസുകൾ അറിയപ്പെടും.
ഏറ്റവും മുകളിലെ നിരയിൽ മധ്യത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവായും മെത്രാപ്പോലീത്തമാരും വി. കുർബ്ബാന അർപ്പിക്കും. രണ്ടാം നിരയിൽ കോറെപ്പിസ്കോപ്പമാരും തുടർന്നു വൈദികരും സഹകാർമികത്വം വഹിക്കും.
കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ എട്ടടി ഉയരമുള്ള ചിത്രം മദ്ബഹയ്ക്കു താഴെ സ്ഥാപിക്കും. പതിനായിരം പേരെ ഉൾക്കൊള്ളാവുന്ന പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. എൽഇഡി സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്. ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടാകും. മണർകാട് പള്ളിയിൽ നാല് പതിറ്റാണ്ടിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ചടങ്ങാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒരുക്കങ്ങൾ പൂർണമായതായി ഭാരവാഹികൾ അറിയിച്ചു. വികാരി വന്ദ്യ ഇ.ടി. കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്ടാടത്ത്, സഹവികാരിമാരായ വന്ദ്യ കെ. കുര്യാക്കോസ് കോറെപ്പിസ്കോപ്പ കിഴക്കേടത്ത്, വന്ദ്യ കുര്യാക്കോസ് ഏബ്രഹാം കോറെപ്പിസ്കോപ്പ കറുകയിൽ, ജെ. മാത്യു മണവത്ത് കോറെപ്പിസ്കോപ്പ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ. സനോജ് കുര്യൻ കരോട്ടെക്കുറ്റ്, ഫാ. ലിറ്റു റ്റി. ജേക്കബ് തണ്ടാശ്ശേരിൽ, ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാമ്പറമ്പിൽ, ബെന്നി റ്റി ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല പുത്തൻപുരയിൽ, സെക്രട്ടറി ചെറിയാൻ പി.എ. പാണാപറമ്പിൽ പുത്തൻപുരയ്ക്കൽ, പള്ളി ഭരണസമിതി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
പ്രാർഥനയെ ആയുധമാക്കി 1974 മുതൽ 2024 വരെ നീണ്ട 51 വർഷക്കാലം മേൽപ്പട്ട സ്ഥാനം വഹിക്കുകയും, അചഞ്ചലമായ സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച് മലങ്കര സുറിയാനി സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിക്കുകയും ഹൃദയത്തിലേറ്റി വഴി നടത്തുകയും ചെയ്ത ഭാഗ്യസ്മരണീയനായ ശ്രേഷ്ഠ ബാവായെ വിശ്വാസിസമൂഹം വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയിലൂടെ പ്രാർഥനാപൂർവം അനുസ്മരിക്കും.


