 
        കണ്ടനാട് ● പുണ്യപുരാതനമായ കണ്ടനാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ എല്ലാ വർഷവും പരിശുദ്ധ ശക്രള്ള ബാവായുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നൽകുന്ന പരിശുദ്ധ ശക്രള്ള ബാവ ജീവകാരുണ്യ അവാർഡിന് പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത അർഹനായി.
യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയിലെ പെരുമ്പാവൂർ മേഖല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെയും, അമ്പതോളം ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ സ്കൂളിന്റെയും സ്ഥാപകനാണ് മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത. ജീവകാരുണ്യ പ്രവർത്തനത്തിൽ ഡയാലിസിസ് സെന്ററിന്റെ ആവശ്യകത സമൂഹത്തിൽ ഏറെ വർധിച്ചു വരുന്ന കാലഘട്ടത്തിൽ ഈ പ്രസ്ഥാനം ഇന്ന് 34 മെഷിനോടുകൂടി 130 ഓളം പേർക്ക് ഡയാലിസിസ് ചെയ്തു വരുന്നു.
സമൂഹത്തിൽ ക്രിസ്തു സാക്ഷ്യത്തിനായി ആതുര ജീവകാരുണ്യ പ്രവർത്തനത്തിലൂടെ, പരിശുദ്ധ സഭയ്ക്കും സമൂഹത്തിനും, ജനങ്ങൾക്കും താങ്ങായി നിൽക്കുന്ന അഭിവന്ദ്യ മോർ അഫ്രേം മെത്രാപ്പോലീത്തായ്ക്ക് പരിശുദ്ധ ശക്രള്ള ബാവായുടെ ഓർമ്മ ദിനം കണ്ടനാട് ശക്രള്ള സെന്ററിൽ വെച്ച്, തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ, കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അവാർഡ് കൈമാറി.

 
         
         
        