 
        പുത്തൻകുരിശ് ● കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിന് ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ കൊടിയേറി.
കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്താമാരായ പൗലോസ് മോർ ഐറേനിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, സഭാ വൈദീക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, അനേകം വൈദീകരും, വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
കൊടിയേറ്റിന് മുമ്പ് കാലം ചെയ്ത ശ്രേഷ്ഠ ബാവായുടെ മാതൃ ഇടവകയായ പുത്തൻകുരിശ് സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും പാച്ചോർ നേർച്ച കബറിങ്കൽ സമർപ്പിച്ചു.
ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് അഭി. ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തായും, 29 ബുധനാഴ്ച രാവിലെ 7 മണിക്ക് അഭി. ഡോ. എലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തായും കത്തീഡ്രലിൽ വി. കുർബ്ബാന അർപ്പിക്കും.
ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ 7.00 മണിയ്ക്ക് അഭി. ഡോ. എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായുടെ നേത്യത്വത്തിൽ വി. കുർബ്ബാന, വൈകീട്ട് 6.00 മണിയ്ക്ക് തൃശൂർ, കടമറ്റം, പള്ളിക്കര, കരിങ്ങാച്ചിറ, മുളന്തുരുത്തി. പിറവം മേഖലകളിൽ നിന്നുള്ള കാൽനട തീർത്ഥയാത്രകൾ കബറിങ്കൽ എത്തുന്നു. ശ്രേഷ്ഠ കാതോലിക്ക ബാവായുടേയും അഭി. പിതാക്കന്മാരുടേയും സഭാ ഭാരവാഹികളുടേയും നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിക്കുകയും തുടർന്ന് ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ സന്ധ്യാ പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. തുടർന്ന് ബാവായുടെ നാമത്തിൽ നേർച്ച സദ്യയും ക്രമീകരിച്ചിട്ടുണ്ട്.
പ്രധാന പെരുന്നാൾ ദിനമായ ഒക്ടോബർ 31-ാം തീയതി വെള്ളിയാഴ്ച രാവിലെ 8.30 ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭി. മെത്രാപ്പോലീത്താമാരുടെ സഹകാർമ്മികത്വത്തിലും വി. മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് അനുസ്മരണ സന്ദേശവും നടത്തപ്പെടുന്നു. തുടർന്ന് പെരുന്നാൾ സദ്യയും ക്രമീകരിക്കുന്നു.
ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബാവായുടെ പേരിൽ ആരംഭിക്കുവാൻ പോകുന്ന മ്യൂസിയ ത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പെരുന്നാൾ ദിനം ആരംഭിക്കുന്നു. ഒപ്പം ബാവായുടെ നാമത്തിലുള്ള കൺവെൻഷൻ സെൻ്ററിൻ്റെ തുടർ നിർമ്മാണ പ്രവർത്തനവും അന്നേദിവസം ആരംഭിക്കുന്നു. ശ്രേഷ്ഠ ബാവായുടെ വിൽപത്ര പ്രകാരം താൽക്കാലികമായി നഷ്ടപ്പെട്ട ഇടവകകൾക്കുള്ള ധനസഹായ വിതരണവും പെരുന്നാളിനോടനുബന്ധിച്ച് ഉണ്ടാകും. പെരുന്നാളിൻ്റെ ചിട്ടയായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തപ്പെടും.





 
         
         
        