മണ്ണത്തൂർ ● പൗരസ്ത്യ സഭയുടെ ആത്മീയത കണ്ണുനീരിലും കഷ്ടതകളിലും വളർന്ന് തെളിയുന്ന വിശ്വാസത്തിൻ്റെ ആഴമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മണ്ണത്തൂർ മൊർത്ത് ശ്മൂനി യാക്കോബായ സുറിയാനി ചാപ്പലിൽ മൊർത്ത് ശ്മൂനിയമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരു ഏലിയാസറിൻ്റെയും ഓർമ്മപ്പെരുന്നാളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ.
അത്ഭുതങ്ങളുടെ പിന്നാലെ മാത്രം പോകേണ്ടവരല്ല നമ്മൾ, മറിച്ച് പ്രയാസങ്ങളെയും പ്രതികൂലതകളെയും ധൈര്യത്തോടെ നേരിടുവാനുള്ള ആത്മബലം പ്രാർത്ഥനയിലൂടെ നേടിയെടുക്കേണ്ടവരാണെന്നും ബാവ പറഞ്ഞു. ജീവിതത്തിൽ പലപ്പോഴും നമുക്ക് പ്രയാസങ്ങളും പരിമിതികളും നേരിടേണ്ടിവരും. അങ്ങനെയുള്ള ഘട്ടങ്ങളിൽ ധൈര്യം പകരുവാൻ മൊർത്തശ്മൂനി അമ്മയുടെയും കുഞ്ഞുമക്കളുടെയും ഗുരുവിന്റെയും മദ്ധ്യസ്ഥത വലിയ ശക്തിയായി പ്രവർത്തിക്കുന്നുവെന്ന് ശ്രേഷ്ഠ ബാവ ഓർമ്മപ്പെടുത്തി.
പ്രാർത്ഥനയിലൂടെ ധൈര്യം സംഭരിക്കുന്നത് വിശ്വാസജീവിതത്തിന്റെ അടിത്തറയാണെന്നും, ആ ധൈര്യമാണ് ഏത് പ്രതികൂലതയെയും അതിജീവിക്കാൻ സഹായിക്കുന്നതെന്നും ബാവ പറഞ്ഞു. ദൈവസന്നിധിയിൽ മദ്ധ്യസ്ഥതയോടെ നടത്തുന്ന പ്രാർത്ഥനകളിലൂടെ അത്ഭുതങ്ങൾ പലപ്പോഴും ദൈവികമായി സംഭവിക്കുന്നു. എങ്കിലും അത്ഭുതങ്ങൾക്കുവേണ്ടിയല്ല നാം പ്രാർത്ഥിക്കുന്നത്, മറിച്ച് പ്രയാസങ്ങളെ സഹനത്തോടെ നേരിടുവാനുള്ള കരുത്തിനായാണ് പ്രാർത്ഥിക്കേണ്ടതെന്ന് ബാവ ചൂണ്ടിക്കാട്ടി.
മൊർത്തശ്മൂനി അമ്മയും രക്തസാക്ഷികളും സഹനത്തോടെ, വിശ്വാസ തീക്ഷണതയോടെ കർത്താവിനുവേണ്ടി ജീവൻ സമർപ്പിച്ചവരാണെന്നും അവരുടെ രക്തം വളമായി ഈ സഭ വളർന്നുവന്നതാണെന്നും ബാവ പ്രസ്താവിച്ചു. വിശ്വാസികളുടെ കണ്ണുനീരും പ്രാർത്ഥനയുമാണ് ഈ സഭയുടെ ഏറ്റവും വലിയ സമ്പത്ത്. പ്രതിസന്ധികളുടെ മധ്യേയും ഈ സഭ വിശ്വാസത്തിൻ്റെ ഉറച്ചതും സമർപ്പിതവുമായ നിലപാടുകൾ മൂലം കൂടുതൽ കരുത്താർജ്ജിച്ച് മുന്നേറുകയാണ്. അത് സഭാമക്കളുടെ വിശ്വാസസ്ഥിരതയുടെ തെളിവാണെന്ന് ബാവ പറഞ്ഞു. പ്രതിസന്ധികളിൽ തളരാതെ, സമചിത്തതയോടും ശാന്തതയോടും സഹനത്തോടും കൂടി മുന്നേറുവാനുള്ള ശക്തി വിശ്വാസത്തിൻ്റെ തികവിലൂടെയാണെന്ന് ബാവ വിശദീകരിച്ചു.
കഷ്ടത മാറുവാനല്ല, മറിച്ച് അതിനെ സഹനത്തോടെ നേരിടുവാനുള്ള ശക്തി ലഭിക്കുവാനാണ് നമുക്ക് പ്രാർത്ഥിക്കേണ്ടത്. അങ്ങനെ പ്രാർത്ഥിക്കുമ്പോഴാണ് ദൈവം നമ്മുടെ ജീവിതത്തെ ശരിയായ മാർഗ്ഗത്തിലൂടെ നയിക്കുന്നതെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
സന്ധ്യാപ്രാർത്ഥനയ്ക്കായി ദൈവാലയത്തിലേക്ക് എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ ബാവായ്ക്ക് വിശ്വാസി സമൂഹം ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. വികാരി ഫാ. തോമസ് കാക്കൂർ നേതൃത്വം നൽകി. വൈദികരും നൂറു കണക്കിന് വിശ്വാസികളും സംബന്ധിച്ചു.




