മഞ്ഞിനിക്കര ● സ്വന്തം ഇഷ്ടങ്ങളെക്കാൾ കൂടുതലായി മറ്റുള്ളവരുടെ ഇഷ്ടത്തിനായി ജീവിതം സമർപ്പിച്ച് ത്യാഗോജ്വലമായ ജീവിതം ക്രിസ്തുവിനെ പ്രതി നയിച്ച പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവ പരിശുദ്ധ സഭയ്ക്കും സമൂഹത്തിനും ശ്രേഷ്ഠമായ മാതൃകയാണെന്ന് തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത പറഞ്ഞു. മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ മഞ്ഞിനിക്കരയുടെ അസ്തമിക്കാത്ത സൂര്യൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ വാർഷിക അഖണ്ഡ പ്രാർത്ഥന ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.
പ്രാർത്ഥനാഭരിതമായും, എളിമയോടെയും ജീവിച്ച് സഭയ്ക്കും, സമൂഹത്തിനും മാതൃകയായിരുന്ന പരിശുദ്ധ ബാവ ഏവർക്കും അനുകരണീയനാണെന്ന് അധ്യക്ഷത വഹിച്ച ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത പറഞ്ഞു.
ജനറൽ കൺവീനർ ജേക്കബ് തോമസ് കോർ എപ്പിസ്കോപ്പ മാടപ്പാട്ട്, കൺവീനർ ഫാ. ബെൻസി മാത്യു കിഴക്കേതിൽ, പി.ഇ മാത്യൂസ് റമ്പാൻ, ബേസിൽ റമ്പാൻ, ബർസൗമോ റമ്പാൻ, ഫാ. എബി സ്റ്റീഫൻ, ഫാ. അൾജോ വർഗീസ്, ഫാ. അഖിൽ മഞ്ഞിനിക്കര, ഫാ. നിമിഷ് എബ്രഹാം, ഫാ. കുര്യാക്കോസ് ഇലവിനാമണ്ണിൽ, ഫാ. സച്ചിൻ കുര്യാക്കോസ് ഇലവിനാമണ്ണിൽ എന്നിവർ നേതൃത്വം നൽകി.
ഫാ. സോബിൻ എലിയാസ്, ഫാ. ബേസിൽ മഴുവന്നൂർ, ഫാ. റെജി മാത്യു എന്നിവർ ധ്യാന പ്രസംഗം നടത്തി. ഇന്നലെ ശനിയാഴ്ച രാവിലെ അഭിവന്ദ്യ മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത വി. കുർബ്ബാനയ്ക്ക് കാർമികത്വം വഹിച്ചു. തുടർന്ന് പരിശുദ്ധ ബാവായുടെയും, പുണ്യശ്ലോകരായ പിതാക്കൻമാരുടെയും കബറിടങ്ങളിൽ ധൂപപ്രാർത്ഥന നടന്നു.
പുലർച്ചെ 3 മണിക്ക് ദയറായുടെ താഴെയുള്ള കുരിശുംതൊട്ടിയിലേയ്ക്ക് പ്രദിക്ഷണം നടന്നു. 4 മണിക്ക് പ്രഭാത പ്രാർത്ഥന, 5 മണിക്ക് അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ്
മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയോടെ ഈ വര്ഷത്തെ അഖണ്ഡപ്രാർഥന യജ്ഞം ഭക്തിസാന്ദ്രമായി സമാപിച്ചു.

