കുന്നംകുളം ● സാമൂഹിക പരിഷ്കരണ രംഗത്ത് പരിശുദ്ധ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവ വഹിച്ച പങ്ക് അതുല്യമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രസ്താവിച്ചു. അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായിരുന്ന പരിശുദ്ധ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹീതമായ ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ നടന്ന 105-ാമത് ശിലാസ്ഥാപന പെരുന്നാളിനോട് അനുബന്ധിച്ച് നൽകിയ സ്വീകരണത്തിന് ശേഷം നടത്തിയ അനുഗ്രഹ പ്രഭാഷണത്തിലാണ് ശ്രേഷ്ഠ ബാവ ഇക്കാര്യം പറഞ്ഞത്.
ക്രിസ്തുവിൽ എല്ലാവരും ഒന്നാണ് എന്നതായിരുന്നു പരിശുദ്ധ ബാവായുടെ പ്രധാന പ്രബോധനം. ജാതി-വർഗ്ഗ പരിഗണനകൾ ഇല്ലാത്ത ഈ വിപ്ലവകരമായ ആശയത്തിന് അക്കാലത്ത് വലിയ ബഹിഷ്കരണങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.
ജാതി ചിന്തകൾക്കെതിരെ പരിശുദ്ധ ബാവ നടത്തിയ പ്രസംഗങ്ങളും, ജാതിരഹിത സമൂഹത്തിനുവേണ്ടിയുള്ള പ്രഭാഷണങ്ങളും, സംവാദങ്ങളുമെല്ലാം പുറംലോകം അധികമൊന്നും അറിയാതെ പോയതും, അതിന്റെ യഥാർത്ഥ രേഖകൾ ഇല്ലാതെ പോയതും വലിയൊരു നഷ്ടവും സങ്കടവുമാണെന്ന് പരിശുദ്ധ പിതാവിന്റെ ജീവിതത്തെക്കുറിച്ച് പരിശോധിക്കുമ്പോൾ വ്യക്തമാകുമെന്ന് ശ്രേഷ്ഠ ബാവ വിലയിരുത്തി.
അന്നത്തെ സാമൂഹിക തിന്മകൾക്കും ഇരുളടഞ്ഞ ചിന്താഗതികൾക്കുമെതിരെ ശബ്ദമുയർത്തി, സമൂഹത്തിന് ഒരു തരി വെട്ടം നൽകാനാണ് പരിശുദ്ധ ബാവ ശ്രമിച്ചത്. അശരണർക്കും അവഗണിക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം ചെയ്ത പല കാര്യങ്ങളും ആരാലും അറിയപ്പെടാതെ പോയി. പരിശുദ്ധ പരുമല കൊച്ചുതിരുമേനിയെപ്പോലെ തന്നെ, സമൂഹത്തിൽ താഴെക്കിടക്കുന്ന ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ പരി. സ്ലീബാ മോർ ഒസ്താത്തിയോസ് ബാവാ നിർണായക പങ്ക് വഹിച്ചു. ഈ വിഭാഗക്കാരെ ചേർത്തുനിർത്താനും അവർക്ക് വേണ്ടതെല്ലാം ചെയ്യാനും അദ്ദേഹം ശക്തമായ നിലപാടുകൾ എടുത്തു.
മലങ്കര സുറിയാനി സഭ ഇന്ന് നിലനിൽക്കുന്നതിന് കാരണക്കാരായ പിതാക്കന്മാരിൽ ഏറ്റവും കൂടുതൽ ത്യാഗം സഹിച്ച വ്യക്തിയാണ് പരി. സ്ലീബാ മോർ ഒസ്താത്തിയോസ് ബാവ. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ കീഴിൽ സഭയെ നിലനിർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹവും ശ്രേഷ്ഠവുമാണ്. സഭയുടെ കെട്ടിപ്പണിയിൽ നിർണായകമായ ഭാഗധേയത്വം വഹിച്ച പുണ്യവാനായിരുന്നു അദ്ദേഹം.
പ്രാർത്ഥനാ ജീവിതം, ആത്മീയ ജീവിതചര്യ, പാണ്ഡിത്യം, ലളിത ജീവിതം, കൃത്യനിഷ്ഠ എന്നിവയാൽ അദ്ദേഹം വിശ്വാസി ഹൃദയങ്ങളിൽ അതുല്യ സ്ഥാനം നേടി. പുണ്യവാന്റെ അത്ഭുത സിദ്ധികൾ ഇന്നും വിശ്വാസി സമൂഹം അനുഭവിച്ചറിയുന്നുണ്ടെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അനുസ്മരിച്ചു.
ദൈവാലയത്തിലേക്ക് എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ ബാവായെ കുന്നംകുളം തൃശ്ശൂർ റോഡിൽ നിന്നും നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശ്വാസികൾ പ്രൗഢഗംഭീരമായി സ്വീകരിച്ചു.
സന്ധ്യാപ്രാർത്ഥനയ്ക്കു ശേഷം ദൈവാലയത്തിൽ നടന്ന പൊതുസമ്മേളനം കെ. രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്തു. സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ദിയെസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്തു.
തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വൈദിക സെക്രട്ടറി രാജു കൊളാപ്പുറത്ത് കോർ എപ്പിസ്കോപ്പ, കൗൺസിലർ മിഷ സെബാസ്റ്റ്യൻ, ചാക്കോ ജോർജ് പനയ്ക്കൽ, ഗ്രിഗറി പി. ചാക്കോച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. വികാരി ഫാ. ജിബിൻ ചാക്കോ, സഹവികാരി ഫാ. മനു തങ്കച്ചൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ശിലാസ്ഥാപന പെരുന്നാളിന്റെ ഭാഗമായി സുവിശേഷ യോഗം, സന്ധ്യാപ്രാർത്ഥന, കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം എന്നിവ നടന്നു. പ്രധാന പെരുന്നാൾ ദിവസം അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും കബറിങ്കൽ ധൂപപ്രാർഥനയോടെയും പെരുന്നാൾ സമാപിച്ചു.

