ചത്തർപൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മർത്തമറിയം വനിതാസമാജത്തിന്റെ വാർഷിക സമ്മേളനം ചത്തർപൂർ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. “വർത്തമാനകാല യാഥാർഥ്യങ്ങളെ മനസ്സിലാക്കി, വേദപുസ്തകശകലങ്ങളിൽ നിരന്തരമായി പ്രയാണം നടത്തി മുന്നോട്ട് പോകുന്ന ശക്തമായ സ്ത്രീത്വം സഭയുടെ കെട്ടുമണിക്ക് അനിവാര്യമാണ്. സഭാ വിജ്ഞാനവും വേദപുസ്തക പരിചയവും സന്തോഷത്തോടെ ആർജിക്കുന്ന വനിതാസമൂഹം സഭയുടെ പുത്തൻ തലമുറയെ വാർത്തെടുക്കും” എന്ന് മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
“സ്ത്രീകളും സഭാ സംവിധാനങ്ങളും” എന്ന വിഷയത്തിൽ ഫാ. തേജസ് ചെറിയാൻ ക്ലാസ് നയിച്ചു. തുടർന്ന് ബൈബിൾ ക്വിസ് ,ബൈബിൾ ടെസ്റ്റ് തുടങ്ങിയ മത്സരങ്ങളും പൊതു ചർച്ചകളും നടന്നു. ഡൽഹി ഭദ്രാസനത്തിന് കീഴിലുള്ള ഒൻപത് സംസ്ഥാനങ്ങളിലെ വിവിധ പള്ളികളിൽ നിന്ന് മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം വൻ വിജയമായി മാറി.
മർത്തമറിയം സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോ ജോർജ്, സെക്രട്ടറി മിനി വികാസ്പുരി, ട്രഷറർ ഫെക്സി ബിജു, വനിതാ വൈസ് പ്രസിഡൻ്റ് ഡോ. ലിൻസി ചണ്ഡീഗഡ് എന്നിവർ നേതൃത്വം നൽകി.


