എറണാകുളം ● മാർത്തോമ്മാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ആത്മീയ പിതാവാണെന്ന് മീഡിയാ സെൽ ചെയർമാനും എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സമൂഹത്തിലെ അശരണരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മോചനത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം, ഇരുപതാം നൂറ്റാണ്ടിൽ ഭാരത ക്രൈസ്തവ സഭകൾക്ക് ലഭിച്ച അമൂല്യ നിധിയും യുഗപ്രഭാവനുമായിരുന്നു എന്നും മെത്രാപ്പോലീത്ത അനുസ്മരിച്ചു.
എറണാകുളം ശാലേം മാർത്തോമ്മാ പള്ളിയിൽ നടന്ന ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അഞ്ചാമത് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത യാക്കോബായക്കാരുടെ സ്വന്തം മെത്രാപ്പോലീത്തയായിരുന്നുവെന്നും, സഭയെ ഇത്രയേറെ സ്നേഹിച്ച മറ്റൊരു സഭാ മേലധ്യക്ഷൻ അക്കാലത്ത് ഉണ്ടായിരുന്നില്ലെന്നും മെത്രാപ്പോലീത്ത അനുസ്മരിച്ചു. 2017-ന് ശേഷമുള്ള യാക്കോബായ സുറിയാനി സഭയുടെ സഹനകാലത്ത്, “ഈ സഭ നീതിക്കുവേണ്ടിയുള്ള ഒരു പോരാട്ടമാണ്” എന്ന് പ്രഖ്യാപിച്ച് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പള്ളികളുടെ വാതിലുകളല്ല, മറിച്ച് മാർത്തോമ്മാ സഭയുടെ വിശാലമനസ്കതയുടെ വാതിലുകളാണ് യാക്കോബായക്കാർക്കായി ആരാധനയ്ക്ക് വേണ്ടി തുറന്നു നൽകാൻ അദ്ദേഹം സന്നദ്ധത കാട്ടിയത്.
ഒരേ തായ്വേരിൽനിന്നും പിറവിയെടുത്ത ഈ രണ്ട് സഭകളെയും അടുപ്പിച്ച് ദൃഢമായ ബന്ധത്തിന് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. നീതിക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, പ്രവാചക ശബ്ദമായി നിലകൊണ്ടു. “സ്ഥാനങ്ങളും മാനങ്ങളും ലഭിക്കുമ്പോൾ, നമ്മൾ നമ്മുടെ ജനത്തെ ഒരിക്കലും മറക്കരുത്” എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ എന്നും പ്രചോദനകരമാണെന്ന് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.
പീഡിതൻ്റെയും പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെയും അത്താണിയായി നിലകൊണ്ട അദ്ദേഹം, ശബ്ദമില്ലാത്തവന് ശബ്ദമായി മാറി. പ്രവാചക ദൗത്യവും കരുണയും സമന്വയിപ്പിച്ചുകൊണ്ട് സഭകളെയും സമൂഹത്തെയും നയിച്ചു.
എക്യുമെനിക്കൽ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിൽ ഭാരതത്തിന്റെ ശബ്ദമായി മാറി. “സ്വീകരിക്കാവുന്നതിനെ സ്വീകരിക്കുകയും, സ്വീകരിക്കാൻ സാധിക്കാത്തതിനെ ആദരിക്കുകയും ചെയ്യുക” എന്നതായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്. സുറിയാനി പൈതൃകങ്ങളെ ആധുനികതയുമായി സമന്വയിപ്പിച്ച് സഭയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ലാളിത്യത്തിൻ്റെയും സഹജീവിസ്നേഹത്തിൻ്റെയും ആൾരൂപമായിരുന്ന ഈ ശ്രേഷ്ഠ പിതാവിനോടുള്ള സർവാദരവും പ്രാർത്ഥനകളും, ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും യാക്കോബായ സുറിയാനി സഭയ്ക്കും വേണ്ടി സമർപ്പിക്കുന്നുവെന്ന് ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.
മാർത്തോമ്മാ സഭയുടെ അധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഫാ. എബി ടി. മാമ്മൻ, അൽമായ ട്രസ്റ്റി ആൻസിൽ സക്കറിയ കോമാട്ട്, ശാലേം മാർത്തോമ്മാ പള്ളി വികാരി ഫാ. പി.വി ഷിബു, ഫാ. കെ.ജി ജോസഫ് എന്നിവർ പ്രസംഗിച്ചു.



