കോതമംഗലം ● ജീവിത നൈർമ്മല്യം കൊണ്ടും തീഷ്ണമായ പ്രാർത്ഥനാ ജീവിതം കൊണ്ടും ഈ ഭൂമിയിൽ പ്രകാശം പരത്തിയ മലങ്കരയുടെ വിശ്വാസദീപമാണ് പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബാവയുടെ 340-ാമത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന തീർത്ഥാടന സംഗമത്തിനും സന്ധ്യാപ്രാർത്ഥനയ്ക്കും ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ.
കേവലം പതിമൂന്ന് ദിവസം മാത്രം മലങ്കരയിൽ ജീവിച്ച ബാവ, നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇന്നും സജീവമായി ജീവിക്കുന്നു എന്നത് അത്ഭുതകരമാണ്. വിശുദ്ധിയുടെ ഉറവിടവും ദൈവകൃപയുടെ തേജസ്സുമായി നിലകൊള്ളുന്ന ആ പരിശുദ്ധ പിതാവ്, ലോകമുള്ള കാലത്തോളം ഈ പരിശുദ്ധ സഭയ്ക്കും ദേശത്തിനും, വിശ്വാസത്തോടുകൂടി വന്നു പ്രാർത്ഥിക്കുന്ന ഏത് ദൈവപൈതലിനും അനുഗ്രഹത്തിൻ്റെ വറ്റാത്ത ഉറവിടമായി ഈ പുണ്യപ്പെട്ട കബറിടം സ്ഥിതിചെയ്യുന്നു എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു.
വിശ്വാസ ജീവിതത്തിൽ പരിശുദ്ധ സിംഹാസനത്തിനെതിരെ സംസാരിക്കുവാനോ, അതിൽനിന്ന് ഒരണുവിടപോലും വ്യതിചലിച്ചു ചിന്തിക്കുവാനോ നമുക്ക് സാധ്യമല്ല. എന്ത് പ്രതികൂലതകൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുവാൻ നമ്മെ ബലപ്പെടുത്തുന്ന ചേതോവികാരം ഈ പരിശുദ്ധ കബറും, മലങ്കരയിൽ നിലനിൽക്കുന്ന മറ്റ് പുണ്യപ്പെട്ട പിതാക്കന്മാരുടെ തിരുകബറുകളുമാണെന്ന് ബാവ ഓർമ്മിപ്പിച്ചു.
ദൈവത്താൽ നിലനിർത്തപ്പെട്ടു പോരുന്ന പരിശുദ്ധ സഭ എന്ന നിലയിൽ നമുക്ക് പ്രയാസങ്ങളും ക്ലേശങ്ങളും നഷ്ടങ്ങളും സഹിക്കേണ്ടിവരും. എന്നാൽ, അത്തരം പ്രതിസന്ധികളുടെയും നഷ്ടങ്ങളുടെയും നടുവിലൂടെയാണ് ഈ പിതാക്കന്മാർ നമുക്ക് വിശ്വാസത്തിൻ്റെ തിരിതെളിയിച്ചു തന്നതും, അതിൽത്തന്നെ നമ്മെ നിലനിർത്തിയിട്ടുള്ളതും. പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവ എത്രമാത്രം കഷ്ടപ്പാടും ത്യാഗവും സഹിച്ചാണ് മലങ്കരയിലേക്ക് എഴുന്നള്ളി വന്നത്. വാർദ്ധക്യവും അവശതയും രോഗവും എല്ലാം മറന്നുകൊണ്ട്, ഈ നാടിനെ സ്നേഹിച്ചും, സഭയെ സ്നേഹിച്ചും, ദൈവം കൈമാറിത്തന്ന വിശ്വാസം എന്ന പൂർണ്ണബോധ്യത്തോടുകൂടി, ഇവിടുത്തെ മക്കളുടെ കണ്ണുനീരൊപ്പുവാനും അവരുടെ ആരാധനാ സ്വാതന്ത്ര്യവും ശ്രേഷ്ഠതയും നിലനിർത്തുവാനും, മരണത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് പരിശുദ്ധനായ ബാവ ഇവിടെയെത്തിയത്. അതുകൊണ്ടുതന്നെ ആ പരിശുദ്ധൻ്റെ കബറിങ്കൽ നിന്ന് സമൃദ്ധമായി ഒഴുകിയെത്തുന്ന അത്ഭുതത്തിൻ്റെ നീരുറവയിൽ നിന്ന് കുടിച്ച് ദാഹം തീർക്കുവാനായി ദാഹാർത്തരായ തീർത്ഥാടകരാണ് ഇവിടെ വന്നുകൊണ്ടിരിക്കുന്നതെന്ന് ബാവ കൂട്ടിച്ചേർത്തു.
ദൈവത്തിൻ്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചവരാണ് വിശുദ്ധന്മാർ. കർത്താവിൻ്റെ കല്പനകളും പ്രമാണങ്ങളും അനുസരിച്ച് ജീവിച്ചവരാണവർ. അവർ തങ്ങൾക്കുവേണ്ടിയല്ല, ദൈവത്തിനുവേണ്ടിയും ദൈവത്തിൻ്റെ ഇഷ്ടത്തിനുവേണ്ടിയും ദൈവകല്പനകൾ പ്രമാണിക്കുന്നതിനുവേണ്ടിയുമാണ് ജീവിച്ചത്. ജീവിതംകൊണ്ട് അത് പൂർണ്ണമായി നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടുള്ളവരുമാണവർ. പരിശുദ്ധ സഭയോടുള്ള സ്നേഹത്തെപ്രതി സ്വന്തം ജീവൻ പോലും വിലകഴിക്കാൻ സന്നദ്ധനായി, കർത്താവിൻ്റെ സഭയ്ക്കുവേണ്ടി ത്യാഗോജ്ജ്വലമായ ജീവിതം നയിച്ചാണ് പരിശുദ്ധ ബാവ മലങ്കരയിലേക്ക് എഴുന്നള്ളി വന്നതെന്ന് ബാവ പറഞ്ഞു.
മനുഷ്യർ ദൈവത്തിൽ ആശ്രയിച്ച്, ദൈവവിശ്വാസത്തോടും ചൈതന്യത്തോടും കൂടി ഒരുമിച്ച് യാത്ര ചെയ്യുന്ന കാലം ദൈവരാജ്യത്തിന് തുല്യമാണ്. നാം ഏത് മതത്തിൽപ്പെട്ടവരായിരുന്നാലും, ഏത് വിശ്വാസം പേറുന്നവരായിരുന്നാലും, ദൈവത്തിൻ്റെ കൃപകളും അനുഗ്രഹങ്ങളും യഥാർത്ഥമായ വിശ്വാസത്തോടും സമർപ്പണത്തോടും കണ്ണുനീരോടും കൂടി നമ്മുടെ ആവശ്യങ്ങൾ സമർപ്പിക്കുമ്പോൾ, സ്വർഗ്ഗസ്ഥനായ ദൈവം പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയിലൂടെ നമുക്ക് കൃപകളും അനുഗ്രഹങ്ങളും സമൃദ്ധമായി ചൊരിഞ്ഞുതരുന്നു എന്ന് തന്നെയാണ് സുറിയാനി സഭ വിശ്വസിക്കുന്നതെന്ന് ശ്രേഷ്ഠ ബാവ പ്രസ്താവിച്ചു.
സന്ധ്യാനമസ്കാരം ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കാർമികത്വത്തിലും പരിശുദ്ധ സഭയിലെ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും നടന്നു. അനേകം വൈദികർ സംബന്ധിച്ചു. രാത്രി നഗരം ചുറ്റിയുള്ള പ്രദക്ഷിണം101 പൊൻ വെള്ളി കുരിശുകളുടെ അകമ്പടിയോടെ ഭക്തി നിർഭരമായി നടന്നു. വി. മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി, സെന്റ് ജോർജ് കത്തീഡ്രൽ, മലയിൻകീഴിലുളള കുരിശ്, മാർ ബസ്സേലിയോസ് ആശുപത്രി, ടൗൺ കുരിശ് എന്നിവിടങ്ങളിൽ കൂടി മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ റോഡ് വഴി പള്ളിയിൽ പ്രദക്ഷിണം എത്തിച്ചേർന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് പരിശുദ്ധ ബാവായുടെ അനുഗ്രഹം തേടി കാൽനടയായും അല്ലാതെയും പള്ളിയിൽ എത്തിച്ചേരുന്നു കൊണ്ടിരിക്കുന്നത്. വിശ്വാസികളുടെ പ്രാർത്ഥനകളാലും ആത്മീയ ശോഭയിലും മുഖരിതമാണ് പള്ളിയും പരിസരവും.
വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, പെരുന്നാൾ കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി, മാനേജിങ് കമിറ്റിയംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.





