ബർമിങ്ഹാം ● വിശുദ്ധന്മാരുടെ വിശുദ്ധി വാർധക്യത്തിലും പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നതാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ‘പനപോലെ തളിർത്ത്, വാർധക്യത്തിലും ഫലം കായ്ക്കും’ എന്ന വചനസാക്ഷ്യംപോലെ, പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ജീവിതവും വാർധക്യത്തിലും ഫലപ്രാപ്തിയുടെയും ദൈവകൃപയുടെയും ദീപ്തസാക്ഷ്യമായിരുന്നു. ബിർമിങ്ഹാമിൽ നടന്ന യു.കെ ഭദ്രാസന കുടുംബ സംഗമത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 340-ാമത് ഓർമ്മപ്പെരുന്നാളിൽ വി. കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ച ശേഷം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
മലങ്കരയിൽ വെറും 13 ദിവസത്തെ സാന്നിധ്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ബാവായുടെ പരിശുദ്ധിയും ത്യാഗവും ലോകത്തിന് മുന്നിൽ മറക്കാനാവാത്ത സുവിശേഷസാക്ഷ്യമായി മാറി. വിശുദ്ധിയിൽ ജീവിച്ചും വിശുദ്ധന്മാരുടെ കൂട്ടായ്മയിലൂടെ അനേകരെ വിശുദ്ധിയിലേക്ക് നയിച്ചും സഭയുടെ ആത്മീയ ഭദ്രതയ്ക്കായി തൻ്റെ വാർധക്യത്തിലെ സമയവും പൂർണമായി സമർപ്പിച്ചാണ് ബാവ ജീവിച്ചത്. വിശുദ്ധന്മാരുമായുള്ള കൂട്ടായ്മയും അവരുടെ സഹവാസവും നമ്മെ സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കുമെന്നും ബാവ ഓർമ്മിപ്പിച്ചു.
സഭയ്ക്ക് ഏറ്റവും കൂടുതൽ പ്രസിദ്ധിയും വിശ്വാസസ്ഥിരതയും നൽകിയത് പരിശുദ്ധ ബാവായുടെ വിശുദ്ധ കബറിടമാണ്. ഇന്നും അനേകം ദൈവമക്കൾക്ക് പ്രാർഥനയുടെ അഭയകേന്ദ്രമായും ആത്മീയ ജീവിതത്തിൻ്റെ കരുത്തായും സഭയുടെ നിലനിൽപ്പിൻ്റെ പ്രധാന കണ്ണിയായും അത് നിലകൊള്ളുന്നുവെന്ന് ബാവ ചൂണ്ടിക്കാട്ടി. സഭയുടെ ചരിത്രം പറയുന്നതുപോലെ, പ്രതിസന്ധികളുടെ നടുവിൽ ബാവായുടെ കബറിങ്കൽ നടത്തിയ ഉപവാസ പ്രാർഥനകളും യജ്ഞങ്ങളും സഭയെ നിലനിർത്തിയ മഹത്തായ സംഭവങ്ങളാണ്. വെളിപാട് പുസ്തകത്തിൽ പറയുന്നതുപോലെ, ‘വിശുദ്ധന്മാരുടെ പ്രാർഥനാസുഗന്ധം സ്വർഗത്തിലേക്ക് ഉയരുന്നു’ എന്ന വചനസാക്ഷ്യം, വിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയുടെ ആത്മീയ സത്യത്തെ നമ്മെ ഓർമ്മിപ്പിക്കുന്നു. അപ്പോസ്തോലപ്രവർത്തനങ്ങളിൽ കാണുന്നതുപോലെ, അനേകർ വിശുദ്ധരുടെ സ്പർശത്താൽ സൗഖ്യം പ്രാപിച്ചു എന്നുള്ളത് ഇന്നും സഭയുടെ വിശ്വാസസാക്ഷ്യമാണ്.
നമ്മുടെ ജീവിതത്തിലും വിശുദ്ധന്മാരുടെ മാതൃകയെ പിന്തുടരാൻ ശ്രമിക്കണം. ജീവിതത്തിലൂടെ ക്രിസ്തുവിനെ പ്രത്യക്ഷപ്പെടുത്തുന്നതാണ് യഥാർഥ സാക്ഷ്യം. അതിനാൽ, ‘ദൈവത്തിന്റെ ഇഷ്ടത്തിന് വിധേയമായി ജീവിക്കുക’ എന്നതാണ് വിശുദ്ധന്മാർ നമ്മെ പഠിപ്പിച്ച പ്രധാന പാഠം. സുവിശേഷം പറയുന്നതുപോലെ, ‘എന്നെ അനുഗമിക്കുവാൻ മനസ്സുള്ളവൻ തന്നെത്തന്നെ ഉപേക്ഷിച്ച് തൻ്റെ കുരിശെടുത്ത് എൻ്റെ പിന്നാലെ വരണം’ എന്ന കർത്താവിൻ്റെ വാക്കുകൾ വിശുദ്ധരുടെ ജീവിതത്തിലൂടെ പ്രകാശിക്കുന്ന സത്യമാണ്. അവർ സ്വന്തം ഇഷ്ടത്തിനല്ല, ദൈവത്തിൻ്റെ ഇഷ്ടത്തിനാണ് മുൻഗണന കൊടുത്തത്. കുടുംബത്തോടും ലോകത്തോടുമുള്ള സ്നേഹം അനുവദനീയമായാലും, ‘ക്രിസ്തുവിനേക്കാൾ അധികമായി മറ്റൊന്നിനോടും സ്നേഹം പുലർത്തരുത്’ എന്ന കർത്താവിൻ്റെ വിളി നമ്മെ ഓർമ്മിപ്പിക്കുകയാണ്.
വിശുദ്ധന്മാരുടെ മാതൃക നമ്മെ പഠിപ്പിക്കുന്നത് – സ്വന്തം ആഗ്രഹം, സ്വാർഥത, ലോകാഭിലാഷം എന്നിവയ്ക്ക് വഴങ്ങാതെ, ദൈവത്തിൻ്റെ പരിശുദ്ധാത്മാവിൻ്റെ മാർഗനിർദ്ദേശത്തിന് വിധേയമായി, പ്രാർഥനയിലും ആരാധനയിലും വിശുദ്ധ കുർബ്ബാനാനുഭവത്തിലും ജാഗരണയിലും കരുത്ത് നേടി, ജീവിതത്തെ സമർപ്പിക്കുകയാണെന്നാണ്. ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും പ്രാർഥനയിലൂടെ ദൈവത്തിനു സമർപ്പിക്കണം. അവിടെയാണ് നമ്മുടെ ജീവിതത്തിലെ യഥാർഥ വിജയവും സമാധാനവുമെന്ന് ബാവ വ്യക്തമാക്കി. പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ വിശുദ്ധിയിലൂടെ, ദൈവസാന്നിധ്യത്തിൻ്റെ അനുഗ്രഹത്തിലൂടെ, നമ്മുടെ ജീവിതവും വിശ്വാസവും കരുത്തോടെ മുന്നോട്ട് പോകട്ടെയെന്ന് ശ്രേഷ്ഠ ബാവ ആശംസിച്ചു.
പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോര് ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു. ഭദ്രാസനത്തിലെ വൈദികരും യു.കെ ഭദ്രാസനത്തിലെ 49 ഇടവകകളിൽ നിന്നായി 1600-ലധികം വിശ്വാസികളും സംബന്ധിച്ചു. വി. കുർബ്ബാനയോടെ രണ്ടു ദിവസങ്ങളിലായി നടന്ന യു.കെ ഭദ്രാസനത്തിന്റെ 11-ാമത് കുടുംബ സംഗമം വിജയകരമായി ആത്മീയ നിറവിൽ സമാപിച്ചു.






