
മ്യൂണിക്ക് ● യൂറോപ്പിലേക്ക് കുടിയേറുന്ന സുറിയാനി സഭയുടെ യുവതലമുറയെ സഭയുടെ ആരാധനയോടും വിശ്വാസത്തോടും ചേർത്തു നിർത്താൻ സമഗ്രമായ കർമ്മ പദ്ധതികൾക്ക് യൂറോപ്പ് ഭദ്രാസനം രൂപം നൽകുമെന്ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അറിയിച്ചു. ജർമനിയിലെ ആൽപ്സ് മലനിരകളുടെ മനോഹാരിതയിൽ സ്ഥിതി ചെയ്യുന്ന മ്യൂണിക്കിന് സമീപം ഗാർമിഷ്-പാർട്ടെൻകിർഹനിൽ നടന്ന യൂറോപ്പ് ഭദ്രാസന വൈദീക ധ്യാനം ഭക്തിനിർഭരമായി സമാപിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിൽ ഭദ്രാസനത്തിലെ അഞ്ച് വൈദീകർ പങ്കെടുത്തു. പ്രാർത്ഥനകൾക്കും ധ്യാനചിന്തകൾക്കും മെത്രാപ്പോലീത്ത നേതൃത്വം നൽകി.
വൈദീകർക്ക് പരസ്പരം ഒത്തുചേരുവാനും, പരിശുദ്ധ സഭയുടെ ഉന്നമനത്തിനായി പ്രാർത്ഥിക്കുവാനും ഈ സംഗമം അവസരമൊരുക്കി. കൂടാതെ, യൂറോപ്പിലെ വൈദീക ശുശ്രൂഷയുടെ സാധ്യതകളും വെല്ലുവിളികളും യോഗം വിശദമായി വിലയിരുത്തി.
പ്രത്യേകിച്ച്, യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഭാമക്കളും യുവജനങ്ങളും കുടിയേറുന്ന ഈ കാലഘട്ടത്തിൽ, അവരെ സഭയുടെ ആരാധനയോടും വിശ്വാസത്തോടും കൂടുതൽ ബന്ധിപ്പിക്കാൻ വേണ്ടിയുള്ള ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടന്നു. യൂറോപ്പിലെ സഭാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന നിർണ്ണായകമായ ചർച്ചകൾക്കാണ് വൈദീക സംഗമം വേദിയായത്.
അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സമീപകാലങ്ങളിലായി എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും പുതിയ ഇടവകകൾ ആരംഭിച്ചത് ശ്രദ്ധേയമാണ്. നിലവിൽ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലുമായി സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഉൾപ്പെടെ ഇരുപത്തിയേഴ് സ്ഥലങ്ങളിൽ ഇടവകകൾ ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ 18, 19 തീയതികളിൽ ബെർലിനിൽ നടക്കുന്ന യൂറോപ്പ് യൂത്ത് കോൺഫറൻസിന്റെ ക്രമീകരണങ്ങളെക്കുറിച്ചും യോഗം അവലോകനം ചെയ്തു.


