
ബെൽഫാസ്റ്റ് ● പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയിലും പ്രാർത്ഥനയിലും ആശ്രയിക്കുന്നത് സഭ നേരിടുന്ന കലുഷിത സാഹചര്യങ്ങളിൽ ശാന്തിയും സമാധാനവും നൽകുമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഓർമ്മപ്പെടുത്തി. ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കല്ലിട്ട പെരുന്നാളിനോടും പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പ് സ്ഥാപനത്തോടും അനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
വിശുദ്ധന്മാരുടെ ജീവിതം ഓരോ വിശ്വാസിക്കും അനുധാവനം ചെയ്യാനുള്ള മഹത്തായ മാതൃകയാണ്. അവരുടെ ജീവിതവഴികൾ പിന്തുടരുക, പെരുന്നാളുകൾ ആചരിക്കുക, തിരുശേഷിപ്പുകൾ വണങ്ങുക, അവർ പകർന്നുനൽകിയ സത്യവിശ്വാസത്തിൽ ജീവിക്കുക എന്നിവയാണ് ഒരു വിശ്വാസിയുടെ യഥാർത്ഥ ക്രിസ്തീയ സാക്ഷ്യം എന്ന് ബാവ ഉദ്ബോധിപ്പിച്ചു.
പരിശുദ്ധന്മാരുടെ ജീവിത വഴികൾ സാംശീകരിച്ചുകൊണ്ട് ജീവിതത്തിൽ വിശുദ്ധിയും നന്മയും പ്രാപിക്കുവാനും മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയുടെയും വെളിച്ചത്തിന്റെയും പ്രവാഹമായി മാറുവാനും
വിശ്വാസികൾക്ക് സാധിക്കണമെന്ന് ബാവ ആഹ്വാനം ചെയ്തു.
വ്യവഹാരം ഒരിക്കലും പരിഹാരമാർഗ്ഗമല്ല, സമാധാനത്തിനായുള്ള മാർഗ്ഗങ്ങൾ തേടുന്നതാണ് സഭയുടെ പരമമായ ലക്ഷ്യം. അതിനായുള്ള സജീവ ശ്രമങ്ങളാണ് നിലവിൽ നടന്നുവരുന്നത്. വിശ്വാസപരമായ വിഷയങ്ങളിൽ വ്യവഹാരത്തിലൂടെ പരിഹാരം അസാധ്യമാണെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി. ഇവിടുത്തെ വിശ്വാസികൾ സഭയോട് പ്രകടിപ്പിക്കുന്ന കരുതലിനെയും അചഞ്ചലമായ സ്നേഹത്തെയും ബാവ പ്രത്യേകം അഭിനന്ദിച്ചു.
കല്ലിട്ട പെരുന്നാളിനോട് അനുബന്ധിച്ച് യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത വി. കുർബ്ബാന അർപ്പിച്ചു. ദൈവാലയത്തിൽ എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹോജ്ജ്വലമായ സ്വീകരണമാണ് വിശ്വാസികൾ നൽകിയത്. പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പ് സ്ഥാപനം ശ്രേഷ്ഠ ബാവ നിർവഹിച്ചു. യൂറോപ്പിലെ ആദ്യത്തെ തിരുശേഷിപ്പ് സ്ഥാപനമാണിതെന്ന പ്രത്യേക്തയും ഇതിനുണ്ട്. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ സ്ഥാനലബ്ധിയിൽ ശ്രേഷ്ഠ ബാവായെ ഇടവക ആദരിച്ചു. അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. അജു വർഗീസ്, സഹവികാരി ഫാ. എൽദോസ് എം.സി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പോൾ കുര്യാക്കോസ്, ട്രസ്റ്റി ബെനറ്റ് മാത്യൂ, പള്ളി മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ, നൂറുക്കണക്കിന് വിശ്വാസികൾ എന്നിവർ സംബന്ധിച്ചു.






