
ഡബ്ലിൻ ● ദൈവാലയത്തോട് ചേർന്നുനിൽക്കുമ്പോൾ ജീവിതം കൂടുതൽ പ്രകാശമേറിയതാകുമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ദൈവാലയത്തോട് ചേർന്നുനിൽക്കുന്ന ജീവിതം, പ്രതിസന്ധികളും പ്രയാസങ്ങളും നേരിടാൻ ആത്മീയശക്തിയും ഉറച്ച ധൈര്യവും നൽകും. വിശ്വാസ കാര്യങ്ങളിൽ നിന്നും അകന്നു പോയ യുവതലമുറ വീണ്ടും സഭയുടെ നിറസാന്നിധ്യത്തിലേക്ക് തിരികെയെത്തുന്നത് വലിയ പ്രത്യാശയുടെയും ആത്മീയ നവോത്ഥാനത്തിന്റെയും അടയാളമാണെന്നും ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി.
അയർലൻഡും ഇന്ത്യയും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ചും അയർലൻഡിലെ തന്റെ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചും ബാവ അനുസ്മരിച്ചു. ഇവിടുത്തെ വിശ്വാസികൾക്ക് സഭയോടുള്ള കരുതലിനെയും സ്നേഹത്തെയും ബാവ പ്രശംസിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചു വരുന്ന വംശീയതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ബാവ, എല്ലാ മനുഷ്യരും പരസ്പര സഹിഷ്ണുതയോടെയും സഹജീവനത്തിന്റെ മനോഭാവത്തോടെയും ജീവിക്കണമെന്ന് ആഹ്വാനം ചെയ്തു. സമൂഹത്തിലും സഭയിലും സമാധാനം സംജാതമാകുന്നതിന് വിശ്വാസികളുടെ പ്രാർത്ഥന പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്നും ബാവ കൂട്ടിച്ചേർത്തു.
ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് ഇടവക സ്വന്തമായി പുതിയ ദൈവാലയത്തിന് വേണ്ടി വാങ്ങിയ സ്ഥലം സന്ദർശിച്ച് ആശിർവദിച്ച ശ്രേഷ്ഠ ബാവ, ഇടവകയുടെ ചരിത്രപരമായ ഈ നേട്ടത്തെ പ്രശംസിക്കുകയും ഭാവിയിലെ ആത്മീയ വളർച്ചകൾക്ക് അത് വലിയ പ്രചോദനമായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വി. കുർബാനയ്ക്ക് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. പൊതു സമ്മേളനത്തിൽ ഇടവക ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്നേഹനിർഭരമായ സ്വീകരണം നൽകി. ഇടവക വികാരി ഫാ. ജെനി ആൻഡ്രൂസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ജിബി ജേക്കബ് സ്വാഗതം ആശംസിച്ചു. ഇടവകയുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ കവർ പേജ് ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു.
അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത, ഡബ്ലിൻ കൗൺസിൽ ഓഫ് ചർച്ചസ് ചെയർപേഴ്സൺ റവ. അലൻ ബോയൽ, ഡബ്ലിൻ സൗത്ത് കൗൺസിൽ ലോർഡ് മേയർ പമേല കിയേൺസ്, റിലീജിയസ് സൊസൈറ്റി ഓഫ് ഫ്രണ്ട്സ് പ്രതിനിധി നിയാം ഹാരിഡ്മാൻ, കൗണ്ടി കൗൺസിലർ തോമസ് ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ജോബിമോൻ സ്കറിയ എന്നിവർ ആശംസകൾ നേർന്നു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജിനോ ജോസഫ്, ഫാ. പോൾസൺ കീരിക്കാട്ടിൽ എന്നിവരും ഇതര ക്രൈസ്തവസഭാംഗങ്ങളും യോഗത്തിൽ സന്നിഹിതരായിരുന്നു. ഇടവക ട്രസ്റ്റി ബിനു ബി. അന്തിനാട് കൃതജ്ഞത അറിയിച്ചു.










