
കുവൈത്ത്സിറ്റി ● സഭ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ വിശ്വാസി സമൂഹം പ്രാർത്ഥനകളിലൂടെ സഭയെ ശക്തിപ്പെടുത്തണമെന്നും ഏത് പ്രതിസന്ധിയിലും വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന സമൂഹമായിരിക്കണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കാതോലിക്ക സ്ഥാനലബ്ധിക്ക് ശേഷം കുവൈത്തിലെ പാത്രിയാർക്കൽ ഇടവകകളായ സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് പള്ളി, സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി എന്നിവയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈത്ത് (എൻ.ഇ.സി.കെ) ഹാളിൽ നൽകിയ അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. കുവൈറ്റിലെ യാക്കോബായ സുറിയാനി സമൂഹം മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് നൽകുന്ന കൈത്താങ്ങലുകൾ വിലമതിക്കാനാകാത്തതാണെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
കുവൈത്ത് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ഹിസ് ഗ്രേസ് മിസ്ജി. യൂജിൻ മാർട്ടിൻ ന്യൂജെന്റ് ഉദ്ഘാടനം നിർവഹിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ. മുളുക, കുവൈത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത അഭിവന്ദ്യ ഘട്ടാസ് ഹാസിം, സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് റവ. ഡോ. തോമസ് എബ്രഹാം, കുവൈത്ത് നെക്ക് ചെയർമാൻ പാസ്റ്റർ ഇമ്മാനുവൽ ബെഞ്ചമിൻ ഘരിബ്, സെൻ്റ് പോൾസ് ആംഗ്ലിക്കൻ ചർച്ച് ചാപ്ലിൻ റവ. ഡോ. മൈക്കൽ എംബോണ, എൻ.ബി.ടി.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ജി എബ്രഹാം, കെ.ഇ.സി.എഫ് പ്രസിഡൻ്റ് റവ. ഫാ. ബിനു എബ്രഹാം, നെക്ക് അഡ്മിനിസ്ട്രേർ റോയി കെ. യോഹന്നാൻ, കെഎംസിസി, കുവൈറ്റ് ജനറൽ സെക്രട്ടറി റവ. മുസ്തഫ കാരി, കമാണ്ടർ ബിന്നി മാത്യു, എൽദോസ് പി. ജോയ്, ജിനു എം. ബേബി, ലിബിൻ ജോയി തുടങ്ങിയവർ സംസാരിച്ചു.
ശ്രേഷ്ഠ ബാവായുടെ സന്ദർശനം കുവൈത്തിലെ വിശ്വാസി സമൂഹത്തിന് ആവേശകരവും അനുഗ്രഹകരവുമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. നാലു ദിവസത്തെ സന്ദർശനം കുവൈത്തിലെ യാക്കോബായ സുറിയാനി സഭാ മക്കൾക്ക് ഉണർവും പ്രത്യാശയും നൽകി. സന്ദർശനത്തിൽ ഉടനീളം സ്നേഹനിർഭരമായ സ്വീകരണവും ഭക്തി നിർഭരമായ വരവേൽപ്പുമാണ് ശ്രേഷ്ഠ ബാവായ്ക്ക് ലഭിച്ചത്. സമ്മേളന വേദിയിലേക്കും പ്രൗഢോജ്ജ്വലമായി വാദ്യ മേള ആരവങ്ങളോടെ വിശ്വാസി സമൂഹം ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു.
കുവൈത്തിലെ വിവിധ അധികാരികളുമായി നടത്തിയ ചർച്ചകളിൽ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുകയും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന കുവൈത്തിലെ ഭരണാധികാരികൾക്കു ശ്രേഷ്ഠ ബാവ നന്ദി അറിയിച്ചു. കുവൈത്ത് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് പള്ളി വികാരി ഫാ. സ്റ്റീഫൻ നെടുവക്കാട്ട്, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വികാരി റവ. ഫാ. സി.പി സാമുവേൽ, ഫാ. ബെൻ സ്റ്റീഫൻ മാത്യു, ഭദ്രാസന ഭാരവാഹികൾ, ഇടവകകളുടെ ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ,
ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സന്ദർശന പരിപാടികൾക്ക് നേതൃത്വം നൽകി.

















