
അങ്കമാലി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വസ്ത പുത്രനും മുൻ മന്ത്രിയുമായ കമാണ്ടർ പി.പി തങ്കച്ചന് പരിശുദ്ധ സഭയും ജന്മനാടും വിടയേകി.
രണ്ട് ദിവസങ്ങളിലായി പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പെരുമ്പാവുരിലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു. പൊതുദർശനത്തിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് സംസ്കാര ശുശ്രൂഷകൾ തുടങ്ങി. വൈകിട്ട് 3 മണിയോടെ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കാരം നടന്നു.
വസതിയിൽ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷ. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അഫ്രേം മാത്യൂസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, വന്ദ്യ ഗീവർഗീസ് കുറ്റിപ്പുഴ റമ്പാൻ എന്നിവർ സഹ കാർമികത്വം വഹിച്ചു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നടന്നു.
അകപ്പറമ്പ് കത്തീഡ്രലിൽ നടന്ന മരണാനന്തര ശുശ്രൂഷകൾക്ക് പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ അനുശോചന സന്ദേശം വായിച്ച ശേഷം അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ അത്തനാസിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, പള്ളി വികാരി ഫാ. ഗീവർഗീസ് അരീക്കൽ, സഹവികാരി ഫാ. എൽദോ വർഗീസ് തൈപ്പറമ്പിൽ, വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചനം അറിയിച്ചു.
എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതിശൻ, മന്ത്രി പി. പ്രസാദ്, നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, പി.കെ കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, കെ.വി തോമസ്, പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ, സാദിഖ് അലി തങ്ങൾ, ബെന്നി ബഹനാൻ, എം.കെ. രാഘവൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ്, ടി.ജെ വിനോദ്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, ആന്റണി ജോൺ, സി.പി ജോൺ, സി.പി. മാത്യു, എം.ഒ ജോൺ, അനൂപ് ജേക്കബ്, വി.എസ് ശിവകുമാർ, ഷിബു ബേബി ജോൺ, ഷാനിമോൾ ഉസ്മാൻ, അബ്ദുൾ മുത്തലിബ്, എസ്. ശർമ, ഷിബു തെക്കുംപുറം, ജോസഫ് വാഴയ്ക്കൻ, ടി.പി. അബ്ദുൾ അസീസ്, പി.എം. വേലായുധൻ തുടങ്ങിയ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി എന്നിവർക്ക് വേണ്ടി ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് റീത്ത് സമർപ്പിച്ചു.











