
- വിശുദ്ധ സ്ലീബാ (ചരിത്രം)
രക്ഷാകരമായ സ്ലീബാ പെരുന്നാൾ സെപ്റ്റംബർ മാസം 14-ാം തീയതി സുറിയാനി സഭയുടെ മക്കൾ കൊണ്ടാടുകയാണ്. കുസ്തന്തീനോസ് രാജാവ് ആകാശത്തിൽ വിശുദ്ധ സ്ലീബായുടെ അടയാളം കാണുകയും അത് യുദ്ധങ്ങളിൽ നിന്നും അവനെ രക്ഷിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മാതാവായ ഹെലനി രാജ്ഞി കർത്താവിനെ ക്രൂശിച്ച സ്ലീബായെ അന്വേഷിച്ച് ഊർശിലേമിലെത്തി. നമ്മുടെ കർത്താവിനെ വഹിച്ച സ്ലീബായെ ഗോഗുൽത്തായുടെ സമീപമുള്ള കുളത്തിൽ നിന്നും കണ്ടെടുത്തു. ഈ വാർത്ത കുസ്തന്തീനോസ് പോലീസിൽ അറിയിക്കുവാനായി യേരുശലേമിൽ നിന്നും കുസ്തന്തീനോസ് പോലീസ് വരെയുള്ള ഉയർന്ന പർവ്വതങ്ങളുടെ മുകളിൽ തീ കത്തിക്കുകയും ചെയ്തു. ഈ ഒരു പാരമ്പര്യം ഇപ്പോഴും സിറിയ രാജ്യത്ത് കണ്ടുവരുന്നു. സിറിയായിൽ വി. തക്ലായുടെ കബറിടം സ്ഥിതി ചെയ്യുന്ന ‘മാലുല’ എന്ന പർവ്വതത്തിന്റെ മുകളിൽ ഇപ്പോഴും ഈ പെരുന്നാൾ പഴയ സംഭവത്തെ അനുസ്മരിച്ച് ഉയരത്തിൽ തീ കത്തിച്ച് ആഘോഷിക്കുന്നു.
സുറിയാനി സഭയിൽ തുർക്കി ദേശത്ത് രണ്ട് പ്രധാനപ്പെട്ട ദൈവാലയങ്ങളിൽ വിശുദ്ധ സ്ലീബായുടെ അംശം സ്ഥാപിച്ചിട്ടുണ്ട്. പരിശുദ്ധ അപ്രേം മാമ്മോദീസ മുങ്ങിയ ദയർ ബക്കറിൽ ഉള്ള വിശുദ്ധ ദൈവമാതാവിന്റെ ദൈവാലയത്തിലും തുറബ്ദിനിൽ മിദിയാത്തിൽ നിന്നും കിഴക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന മോർ സ്ലീബായുടെ ദയറായിലും, ചരിത്രം ഇപ്രകാരം വെളിപ്പെടുത്തുന്നു.
അഞ്ചാം നൂറ്റാണ്ടിൽ തുറബ്ദിനിലിലെ മെത്രാപ്പോലീത്ത ആയിരുന്ന താപസവര്യൻ വിശുദ്ധനായ മോർ ആഹോ കുസ്തന്തീനോസ് പോലീസിലേക്കുള്ള തന്റെ യാത്രയിൽ കർത്താവിന്റെ സ്ലീബാ സൂക്ഷിച്ചിരുന്ന ഈ ദൈവാലയം സന്ദർശിക്കുവാൻ ഇടയായി. ഈ അവസരത്തിൽ അദ്ദേഹം വിശുദ്ധ സ്ലീബായുടെ ഒരംശം തന്റെ ആഗ്രഹപ്രകാരം അവിടെ നിന്നു സിദ്ധിച്ചു. തുടർന്ന് യാത്ര ചെയ്ത് തുറബ്ദിനിലെത്തി. വിശുദ്ധ സ്ലീബായുടെ നാമത്തിൽ ദയറ പണിത് അവിടെ സ്ഥാപിച്ചു. തുറബ്ദിനിലെ മെത്രാപ്പോലീത്തയായ മോർ ആഹോ തുടർന്ന് കാലം ചെയ്ത് വിശുദ്ധ സ്ലീബായുടെ ദയറയിൽ അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ കബറിടത്തിൽ ഇന്ന് അനേകർ വന്ന് പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിച്ചുവരുന്നു. വിശുദ്ധ സ്ലീബായുടെ ദയറ സന്ദർശിക്കുവാൻ ദൈവകൃപയാൽ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
പരിശുദ്ധ പാത്രിയർക്കീസുമാരുടെ പ്രത്യേക താൽപര്യ പ്രകാരമാണ് വിശുദ്ധ സ്ലീബായുടെ ദയറായിൽ നിന്നു ഒരംശം ദയർബക്കറിലുള്ള വി. ദൈവമാതാവിന്റെ ദൈവാലയത്തിൽ സ്ഥാപിച്ചത്. പരിശുദ്ധ യാക്കോബ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ സഭയെ മേയിച്ച് ഭരിച്ചത് ഇവിടെ താമസിച്ചു കൊണ്ടാണ്. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ തിരുമനസ്സുകൊണ്ട് ദയർബക്കറിലുള്ള ദൈവാലയത്തിൽ നിന്നും വി. സ്ലീബായുടെ ഒരംശം എടുത്ത് ആ പുണ്യവാന്റെ പടിമാലക്കുള്ളിൽ വച്ചു. പരിശുദ്ധ പാതിയർക്കീസുമാർ സ്ഥിരം ധരിക്കുന്ന പടിമാലക്കുള്ളിൽ വി. ദൈവമാതാവിന്റെ ഇടക്കെട്ടും പരിശുദ്ധന്മാരുടെ തിരുശേഷിപ്പും നിക്ഷേപിക്കുക എന്നുള്ളത് സഭയുടെ ഒരു പാരമ്പര്യമാണ്.
ഒന്നും രണ്ടും ലോകമഹായുദ്ധ കാലങ്ങളിൽ സുറിയാനി സഭയ്ക്ക് തുർക്കി ദേശത്ത് അതിശക്തമായ പീഢനങ്ങൾ അനുഭവിക്കേണ്ടതായി വന്നു. അനേക ലക്ഷങ്ങൾ കൊല്ലപ്പെട്ടു. ദയറാകളും ദൈവാലയങ്ങളും കൊള്ള ചെയ്തു. ഈ കാലത്താണ് യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് നമ്മുടെ വിശ്വാസികൾ കുടിയേറി പാർത്തത്. യുദ്ധത്തിന്റെ ഭീകരത നില നിൽക്കുന്ന സാഹചര്യത്തിൽ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ നമ്മുടെ കർത്താവിന്റെ വിശുദ്ധ സ്ലീബായെ ധരിച്ച് പരിശുദ്ധ സഭയെ പ്രതിസന്ധികൾക്കിടയിലൂടെ നയിച്ചു. അവിടെ നിന്നും ഇറാക്കിലെ മൂസലിലെ വിശുദ്ധ മത്തായിയുടെ ദയറായിലെത്തി. തുടർന്ന് ഇന്ത്യയിലുള്ള പരിശുദ്ധ സഭയുടെ പ്രത്യേക അപേക്ഷയും ആഗ്രഹവും മാനിച്ചു പരിശുദ്ധ പിതാവ് മലങ്കരയിലെത്തി.
ആ കാലഘട്ടങ്ങളിൽ മലങ്കര സഭയിൽ അന്തരീക്ഷം കലുഷിതമായിരുന്നു. തുടർന്ന് കുറുപ്പംപടിയിൽ വെച്ച് ഒരു സമാധാനയോഗം പരിശുദ്ധ ബാവ വിളിച്ചു കൂട്ടിയെങ്കിലും മറുപക്ഷക്കാർ യോഗത്തിൽ ബഹളം വയ്ക്കുകയും പരിശുദ്ധ പിതാവിനെ ഉപ്രദവിക്കുവാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പരിശുദ്ധ പിതാവിനെ മറുപക്ഷക്കാരിൽ നിന്നും തന്ത്രപൂർവ്വം രക്ഷിച്ചത് അന്ന് കൂടെയുണ്ടായിരുന്ന വന്ദ്യ ചെമ്പിൽ സഖറിയ ശെമ്മാശനായിരുന്നു. പരിശുദ്ധ പിതാവ് ദൈവസന്നിധിയിലേക്ക് വിളിച്ച് ചേർക്കപ്പെടുവാനുള്ള സമയം അടുത്തു എന്ന് ബോദ്ധ്യമായപ്പോൾ പരിശുദ്ധ ബാവ അദ്ദേഹത്തിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന വന്ദ്യനായ ചെമ്പിൽ ശെമ്മാശനെ അനുഗ്രഹിച്ച് ഈ അമൂല്യനിധി ഏല്പിച്ചുകൊണ്ട് “മകനെ കാൽവരിയിൽ നമ്മുടെ കർത്താവ് ക്രൂശിക്കപ്പെട്ട രക്ഷാകരമായ വിശുദ്ധ സ്ലീബായുടെ അംശം ഇതിനകത്തുണ്ട്” എന്ന് കല്പിച്ചു നൽകി. ഇങ്ങനെ വിശുദ്ധ സ്ലീബായുടെ ഒരംശം മലങ്കര സഭയ്ക്ക് ലഭിച്ചു. ബഹു. ചെമ്പിലച്ചൻ തന്റെ വാർദ്ധക്യകാലത്ത് തന്റെ കൈവശമിരുന്ന ഈ അമൂല്യനിധി കൊച്ചി ഭദ്രാസനത്തിലെ കുലയറ്റിക്കരയിലെ വി. ഗീവർഗീസ് സഹദായുടെ നാമധേയത്തിലുള്ള പള്ളിയുടെ തിരുനടയിൽ സമർപ്പിച്ചു. അങ്ങനെ രക്ഷാകരമായ സ്ലീബായുടെ അംശവും പരി. ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പും ബഹു. കണിയാംപറമ്പിലച്ചൻ കുലയറ്റിക്കര പള്ളിയിൽ സമർപ്പിച്ചു. അഭിവന്ദ്യ പിതാക്കന്മാരാൽ ദൈവാലയത്തിൽ സ്ഥാപിച്ചു.
- അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത
