
പുത്തൻകുരിശ് ● രാജ്യത്തിന്റെ നിയുക്ത ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ബഹു. സി.പി. രാധാകൃഷ്ണന്, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആശംസകൾ നേർന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പിന്നോക്കം നിൽക്കുന്നവരെ കരുതലോടെ ചേർത്തു നിർത്തുന്ന മനുഷ്യ സ്നേഹിയായ അദ്ദേഹം, സഭയുമായി എപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
തൻ്റെ കാതോലിക്കാ സ്ഥാനലബ്ധിയിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചതും, സഭയുടെ വിവിധ സാമൂഹ്യ-സേവന പ്രവർത്തനങ്ങൾക്കും ലഹരി വിപത്തിനെതിരെ സഭ നടത്തുന്ന പോരാട്ടങ്ങൾക്കും അദ്ദേഹം പിന്തുണയും പ്രോത്സാഹനവും നൽകിയതും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു.
ഏവരെയും സൗമ്യതയോടെയും സ്നേഹത്തോടെയും ചേർത്തുനിർത്തുന്ന ശ്രീ. സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുവാൻ സാധിക്കട്ടെയെന്നും, അദ്ദേഹത്തിൻ്റെ സേവനം നമ്മുടെ രാഷ്ട്രത്തിന് വിലപ്പെട്ട സമ്പത്തായി മാറട്ടെയെന്നും ബാവ ആശംസിച്ചു. ഭാരതത്തിൻ്റെ മഹത്തായ പൈതൃകവും മതേതര മൂല്യങ്ങളും സംരക്ഷിച്ച് ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും സഭയുടെ എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നതായും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
(മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
09/09/2025





