
കായംകുളം ● വ്യവഹാരങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ഒരു നല്ല നാളേക്കായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും വിശ്വാസികളായ ഏവർക്കും കഴിയണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ.
കട്ടച്ചിറ ആഗോള മരിയൻ തീർഥാടന കേന്ദ്രത്തിലെ എട്ടുനോമ്പ് പെരുന്നാളിൻ്റെ ഭാഗമായി നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ച ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാവ. മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് കട്ടച്ചിറയിൽ നിരന്തരമുണ്ടാവുന്ന തർക്കങ്ങൾ വേദനാജനകമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ജാഗ്രത പുലർത്തണമെന്നും കട്ടച്ചിറയിലെ ഇടവക ജനങ്ങൾ സഭയ്ക്ക് എന്നും അഭിമാനമാണെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
കട്ടച്ചിറയിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ യൂത്ത് അസ്സോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇടവക വിശ്വാസികൾ ചേർന്ന് മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. സഭാ വിശ്വാസികൾ അടക്കം സമൂഹത്തിൻ്റെ നാനാതുറയിലുള്ള ഒട്ടധികം പേർ ബാവായെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.
ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, സ്ഥിരം സമിതി ചെയർമാൻ ശശിധരൻ നായർ, കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെബർ സുരേഷ് തോമസ് നൈനാൻ, പള്ളിക്കൽ സുനിൽ, സുഭാഷ് വാസു, വാർഡ് മെമ്പർ എ. തമ്പി, മഞ്ഞാടിത്തറ വിജയൻ, പ്രകാശ്, ജയേഷ്, സദാശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് എൻഡോവ്മെൻ്റ വിതരണം നടത്തി. പൗരോഹിത്യ ശുശ്രൂഷയിൽ മുപ്പതുവർഷം പൂർത്തിയാക്കിയ വികാരിയും സഭാ വൈദിക ട്രസ്റ്റിയുമായ ഫാ. റോയി ജോർജ് കട്ടച്ചിറ, ദക്ഷിണേന്ത്യയിലെ പ്രായം കുറഞ്ഞ ചിത്രകാരൻ ഏദൻ എൽദോ എന്നിവരെ ആദരിച്ചു.















