
മണർകാട് ● എട്ടുനോമ്പിന്റെ പ്രാർഥനാ പുണ്യത്തിൽ വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ പെരുന്നാൾ പ്രധാന ദിനങ്ങളിലേക്ക്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയായി അറിയപ്പെടുന്ന ഈ പള്ളിയിലെ ചരിത്രപ്രസിദ്ധമായ റാസ നാളെയാണ്. പതിനായിരക്കണക്കിന് മുത്തുക്കുടകളുടെയും നിരവധി പൊൻ വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തപ്പെടുന്ന റാസയിൽ പരി. ദൈവമാതാവിനോടുള്ള പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു കൊണ്ട് പതിനായിരങ്ങൾ ഭക്തിനിർഭരമായി നടന്നു നീങ്ങും. മുത്തുക്കുട എടുത്ത് റാസയിൽ പങ്കെടുക്കുന്നത് ഉദ്ദിഷ്ട കാര്യ സാധ്യത്തിനുള്ള ഒരു വഴിപാടായി കണക്കാക്കുന്നു.
നാളെ രാവിലെ 8:30 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് യൂറോപ്പ് ഭദ്രാസനാധിപനും, വൈദീക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പള്ളിമുറ്റത്ത് നിന്ന് റാസ ആരംഭിക്കും. വാദ്യമേളങ്ങൾ അകമ്പടിയാകും. കണിയാംകുന്ന് കുരിശ് പള്ളി ചുറ്റി മണർകാട് കവലയിലുള്ള കുരിശ് പള്ളി വഴി കരോട്ടെ പള്ളി കടന്ന് കത്തീഡ്രലിൽ തിരിച്ചെത്തും.
വിശുദ്ധ ദൈവമാതാവിന്റെയും, ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി തുറക്കുന്ന പ്രസിദ്ധമായ നടതുറക്കൽ സെപ്റ്റംബർ 7 ഞാറാഴ്ച്ച രാവിലെ 11.30 നാണ്. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് -ബാവായുടെ കാർമികത്വത്തിലാണ് നടതുറക്കൽ ചടങ്ങുകൾ. കറി നേർച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര ഉച്ചയ്ക്ക് ഒന്നിന് നടക്കും. പ്രധാന പെരുന്നാൾ ദിവസമായ സെപ്റ്റംബർ 8 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കരോട്ടെപ്പള്ളി ചുറ്റിയുള്ള പ്രദക്ഷിണത്തിന് ശേഷം നേർച്ച വിളമ്പോടെ പെരുന്നാൾ സമാപിക്കും.
സെപ്റ്റംബർ 14ന് സ്ലീബാ പെരുന്നാളിൽ വൈകുന്നേരം 5 മണിക്ക് സന്ധ്യാ നമസ്കാരത്തെ തുടർന്നാണ് നട അടയ്ക്കൽ.


